റഷ്യയുടെ യുവതലമുറയെ വിഴുങ്ങി യുക്രെയ്ൻ യുദ്ധം; കൊല്ലപ്പെട്ടത് അഞ്ച് ലക്ഷത്തോളം സൈനികർ, രഹസ്യവിവരം പുറത്ത്

ലണ്ടൻ: 2022 ഫെബ്രുവരിയിൽ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതിനുശേഷം ഇതുവരെ 4,90,000-ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ചോർന്ന റഷ്യൻ സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ബിബിസി ന്യൂസും സ്വതന്ത്ര റഷ്യൻ മാധ്യമമായ ‘മീഡിയസോണ’യും ചേർന്ന് നടത്തിയ വിശകലനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ യഥാർത്ഥ മരണസംഖ്യ ഏകദേശം 7,00,000-ത്തോളം വരുമെന്നാണ് മീഡിയസോണയുടെ വിലയിരുത്തൽ.

യുക്രെയ്ൻ അനുകൂല ഹാക്കർ ഗ്രൂപ്പുകളായ ‘ബെലാറഷ്യൻ സൈബർ പാർട്ടിസാൻസ് ബിവൈ’, ‘സൈലന്റ് ക്രോ’ എന്നിവർ ചോർത്തിയ 1.1 കോടിയിലധികം രേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 2021 മുതൽ 2026 സെപ്റ്റംബർ വരെയുള്ള വിവരങ്ങളാണ് ഇതിലുള്ളത്. മരിച്ചവരുടെ പ്രായം, മരണകാരണം, ജോലി, കോടതി വിധികൾ എന്നിവയടക്കമുള്ള വിശദമായ വിവരങ്ങൾ രേഖകളിലുണ്ട്. ഇതുപ്രകാരം കുറഞ്ഞത് 4,90,334 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

യുദ്ധം റഷ്യയിലെ യുവതലമുറയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. 2025-ൽ റഷ്യയിൽ മരിച്ച 18-നും 24-നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ 65 ശതമാനവും യുദ്ധത്തിലാണ് കൊല്ലപ്പെട്ടത്. 25-34 പ്രായപരിധിയിലുള്ളവരിൽ ഇത് 59 ശതമാനമാണ്. കഴിഞ്ഞ വർഷം റഷ്യയിലെ യുവാക്കളുടെ മരണത്തിനുള്ള പ്രധാന കാരണം യുദ്ധമാണെന്നും രേഖകൾ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ ജി.സി.എച്ച്.ക്യു മേധാവി ആൻ കീസ്റ്റ്-ബട്ട്‌ലറും അഞ്ച് ലക്ഷത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു. അതേസമയം, യുക്രെയ്ൻ പക്ഷത്ത് 55,000 സൈനികർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി ഫെബ്രുവരിയിൽ പറഞ്ഞിരുന്നെങ്കിലും, 2026 ജൂൺ വരെ 1,50,000 യുക്രെയ്ൻ സൈനികർ മരിച്ചിരിക്കാമെന്നാണ് അന്താരാഷ്ട്ര പഠനകേന്ദ്രമായ സി.എസ്.ഐ.എസ് കണക്കാക്കുന്നത്.

അതേസമയം, ചോർന്ന രേഖകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ റഷ്യ തള്ളിക്കളഞ്ഞു. സൈനികരുടെ മരണസംഖ്യ പുറത്തുവിടാൻ അധികാരമുള്ള ഏക സ്ഥാപനം റഷ്യൻ പ്രതിരോധ മന്ത്രാലയം മാത്രമാണെന്നും, മറ്റ് കണക്കുകൾ ശ്രദ്ധിക്കേണ്ടതില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.

Ukraine war consumes Russia’s young generation; around 500,000 soldiers killed, confidential information reveals.

More Stories from this section

family-dental
witywide