
വാഷിംഗ്ടൺ: റഷ്യയിലെ പ്രമുഖ പ്ലേഗ് ഗവേഷണ കേന്ദ്രത്തിലെ ലാബ് ടെക്നീഷ്യന്റെ ദുരൂഹ മരണത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിക്കാതെ ട്രംപ് ഭരണകൂടം പ്രതിസന്ധിയിൽ. സംഭവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ വെളിപ്പെടുത്താതെ റഷ്യൻ അധികൃതർ തുടർച്ചയായി നിഷേധ നിലപാട് തുടരുന്ന പശ്ചാത്തലത്തിൽ, ഔദ്യോഗിക നയതന്ത്ര നടപടിയായ ‘ഡെമാർഷ്’ വഴി റഷ്യയോട് യുഎസ് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു.
സൈബീരിയയിലെ ഇർകുട്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ 28 വയസ്സുള്ള ജീവനക്കാരിയുടെ മരണം ട്രംപ് ഭരണകൂടത്തിൽ കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. സംഭവം പുറത്തുവന്നയുടൻ തന്നെ ഇതിന്റെ ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കാനും സാധ്യമായ പൊതുജനാരോഗ്യ പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യാനും യു.എസ് ഏജൻസികൾ നീക്കം തുടങ്ങിയിരുന്നു. എന്നാൽ വിവരങ്ങൾ പങ്കുവെക്കാൻ റഷ്യൻ ഭരണകൂടം മടിക്കുന്നത് പ്രതിരോധ നീക്കങ്ങളെ സങ്കീർണ്ണമാക്കുകയും ഇത് ആഗോളതലത്തിൽ എന്തെങ്കിലും തരത്തിലുള്ള ഭീഷണി ഉയർത്തുമോ എന്ന കാര്യത്തിൽ അവ്യക്തത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യൻ സർക്കാരിൽ നിന്ന് ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങൾ കൈമാറുന്നതിനായി ലോകത്തെ മറ്റ് രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് സ്ഥിരീകരിച്ചു. റഷ്യ വസ്തുതകൾ ലോകത്തോട് വെളിപ്പെടുത്താൻ ബാധ്യസ്ഥരാണെന്നും, നമ്മൾ വിചാരിച്ചതിലും വലിയ പ്രശ്നമായിരിക്കാം ഇതെന്നും എന്നാൽ പരിമിതമായ വിവരങ്ങൾ മാത്രം മുന്നിലുള്ളപ്പോൾ ഊഹാപോഹങ്ങൾ പറയുന്നത് ശരിയല്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഉടൻ ടെലിഫോൺ സംഭാഷണം നടത്തുമെന്ന് വൈറ്റ് ഹൗസിന് മുന്നിൽ വെച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാധ്യമങ്ങളോട് പറഞ്ഞു.
മരണപ്പെട്ട ലാബ് ജീവനക്കാരിക്ക് ന്യൂമോണിക് പ്ലേഗ് ബാധിച്ചതാണോ അതോ മറ്റേതെങ്കിലും അജ്ഞാത പകർച്ചവ്യാധിയാണോ മരണകാരണമെന്നതാണ് പ്രധാനമായും ഉയർന്നുവരുന്ന ചോദ്യം. പ്ലേഗിന് പുറമെ കോളറ, ആന്ത്രാക്സ്, ബ്രൂസെല്ലോസിസ് തുടങ്ങിയ അതീവ അപകടകാരികളായ ബാക്ടീരിയകളെയും രോഗങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന കേന്ദ്രമാണിത്. ഔദ്യോഗിക തലത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് വരെ യാത്രാവിലക്ക് പോലുള്ള കടുത്ത നടപടികളിലേക്ക് നിലവിൽ കടന്നിട്ടില്ലെങ്കിലും റഷ്യയിൽ നിന്നുള്ള വിവരങ്ങളെ അതീവ ജാഗ്രതയോടെയും സംശയത്തോടെയുമാണ് വാഷിംഗ്ടൺ വീക്ഷിക്കുന്നത്.














