
സൂറിച്ച്: ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയ്ക്ക് നേരെ സൈബർ ആക്രമണം. സ്ഥാപനത്തിന്റെ ചില വ്യക്തിഗത, ബിസിനസ് വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി ഫിഫ സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് വിവരങ്ങൾ ചോർന്ന കാര്യം ഫിഫ വ്യക്തമാക്കിയത്.
എന്നാൽ എപ്പോഴാണ് ആക്രമണം നടന്നതെന്നോ ഏതൊക്കെ വിവരങ്ങളാണ് ചോർന്നതെന്നോ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും സഹായത്തോടെ ഫിഫ അന്വേഷണം നടത്തിവരികയാണ്.
‘ഹാൻഡ്സം ബോയ് ഹാക്കിങ് ക്ലബ്’ എന്ന സൈബർ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ഫിഫയുടെ ആഭ്യന്തര ഫയലുകളുടെ ചില സ്ക്രീൻഷോട്ടുകൾ സംഘം പുറത്തുവിട്ടിരുന്നു. 12 ജിബിയിലധികം വരുന്ന ആന്തരിക രേഖകൾ ചോർത്തിയതായും സംഘം എക്സിലെ പോസ്റ്റിലൂടെ അവകാശപ്പെട്ടിരുന്നു.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ നിയമവിരുദ്ധമായി ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെ ഫിഫ ശക്തമായി വിമർശിച്ചു. ഇത്തരം നടപടികൾ വ്യക്തികളുടെ സ്വകാര്യതയുടെ ഗുരുതരമായ ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.
അതേസമയം, ഫിഫയുടെ സാങ്കേതിക സംവിധാനങ്ങളിലെ സുരക്ഷാ പിഴവല്ല വിവരങ്ങൾ ചോരാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ വ്യാപ്തിയും ചോർന്ന വിവരങ്ങളുടെ സ്വഭാവവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.















