
സിംഗപ്പൂർ: നുണ പറഞ്ഞെന്നാരോപിച്ച് ഒമ്പത് വയസ്സുകാരനായ മകനെ നഗ്നനാക്കി ഫ്ലാറ്റിലെ ഇടനാഴിയിലൂടെ നടത്തിക്കുകയും ലിഫ്റ്റിൽ കയറ്റിവിടുകയും ചെയ്ത പിതാവിന് ആറ് മാസം തടവ്. കുട്ടിയോട് ക്രൂരമായി പെരുമാറിയെന്ന കുറ്റം സമ്മതിച്ച 40-കാരനെയാണ് സിംഗപ്പൂർ കോടതി ശിക്ഷിച്ചത്. കുട്ടികളുടെ സ്വകാര്യത കണക്കിലെടുത്ത് പ്രതിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
2025 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. എട്ടാം നിലയിലെ ഫ്ലാറ്റിൽനിന്ന് മകനെ പൂർണനഗ്നനാക്കി പുറത്തേക്ക് ഇറക്കിയ പിതാവ് കുട്ടിയെ മർദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ഏഴുവയസ്സുകാരിയായ മകളോടും ഇയാൾ ആവശ്യപ്പെട്ടു.
പിതാവിന്റെ നിർദേശപ്രകാരം പെൺകുട്ടി സഹോദരൻ ലിഫ്റ്റിൽ കയറുന്നതും ഇടനാഴിയിലൂടെ ഓടുന്നതും മൊബൈലിൽ ചിത്രീകരിച്ചു. ലിഫ്റ്റിൽ കയറിയതിന് പിന്നാലെ ഫ്ലാറ്റിലെ മറ്റ് രണ്ടുപേരുടെ ശ്രദ്ധയിൽ കുട്ടി പെടുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മകളോട് മോശമായി പെരുമാറിയ സംഭവത്തിലും ഇയാൾക്കെതിരെ കേസുണ്ട്. വിമാനത്താവളത്തിൽവച്ച് ഛർദ്ദിച്ചെന്ന കാരണത്താൽ ഏഴുവയസ്സുകാരിയായ മകളെ മർദിച്ചതിനാണ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















