
ലാസ് വഗാസ്: ആഗോള പാനീയ ഭീമന്മാരായ കോക്കകോള കമ്പനി തങ്ങളുടെ ജനപ്രിയ ബ്രാൻഡുകളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് പുത്തൻ രുചിവൈവിധ്യങ്ങൾ സമ്മാനിക്കുന്നതിനായി കോക്കകോള, ഫെയർലൈഫ്, മിസ്റ്റർ പിബ്, പവറേഡ്, ടോപ്പോ ചിക്കോ എന്നീ ബ്രാൻഡുകളിൽ പുതിയ ഫ്രൂട്ട് ഫ്ലേവറുകൾ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. നെവാഡയിലെ ലാസ് വഗാസിൽ ഈ ആഴ്ച നടക്കുന്ന നാഷണൽ അസോസിയേഷൻ ഓഫ് കൺവീനിയൻസ് സ്റ്റോഴ്സ് മേളയിലാണ് കമ്പനി ഈ പുതിയ ഉൽപ്പന്നങ്ങൾ ആദ്യമായി പ്രദർശിപ്പിക്കുന്നത്. അടുത്ത വർഷം മുതലായിരിക്കും ഇവ വിപണിയിൽ ലഭ്യമാകുക.
ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്നവർക്കായി കോക്കകോള സീറോ ഷുഗർ, സ്പ്രൈറ്റ് സീറോ ഷുഗർ, ഫ്രെസ്ക എന്നിവയുടെ പ്രീബയോട്ടിക് പതിപ്പുകളും കമ്പനി തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവേനിയ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇവ വിതരണം ചെയ്ത് ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തുകയാണെന്ന് കോക്കകോള വക്താവ് അറിയിച്ചു.
അടുത്ത വർഷം രണ്ട് പുതിയ ഫ്ലേവറുകളാണ് പ്രധാന ബ്രാൻഡായ കോക്കകോളയിൽ വിപണിയിലെത്തിക്കുന്നത്. ഇതിൽ ‘കോക്കകോള ചെറി ലൈം’ ഫെബ്രുവരിയിലും, ‘കോക്കകോള സ്ട്രോബെറി ഫ്ലോട്ട്’ വേനൽക്കാലത്തും റിലീസ് ചെയ്യും. നിലവിലുള്ള ചെറി ഫ്ലേവറിന്റെ പുതുക്കിയ രൂപമാണ് ചെറി ലൈം. സോഡയും ഐസ്ക്രീമും ചേർന്നുള്ള ജനപ്രിയ ഡെസേർട്ടിന്റെ രുചിയിലാണ് സ്ട്രോബെറി ഫ്ലോട്ട് ഒരുക്കിയിരിക്കുന്നത്. ഇവ രണ്ടും സാധാരണ രൂപത്തിലും സീറോ-ഷുഗർ ഓപ്ഷനിലും ലഭ്യമാകും.
കോക്കകോളയുടെ മറ്റ് പ്രമുഖ ബ്രാൻഡുകളിലും വലിയ മാറ്റങ്ങളാണ് വരുന്നത്. പവറേഡ് സീറോ-ഷുഗർ നിരയിൽ തണ്ണിമത്തൻ, ലെമൺ-ലൈം ഫ്ലേവറുകൾ ജനുവരി മുതൽ ലഭ്യമാകും. വസന്തകാലത്ത് ‘മിസ്റ്റർ പിബ് ബ്ലാക്ക്-കറന്റ്’ ഫ്ലേവറും, ഒപ്പം ഒരു പ്രത്യേക ബെറി ഫ്ലേവറും പരിമിതകാലത്തേക്ക് അവതരിപ്പിക്കാൻ മിസ്റ്റർ പിബ് ബ്രാൻഡും ഒരുങ്ങുന്നുണ്ട്. കൂടാതെ, പ്രശസ്ത മിനറൽ വാട്ടർ ബ്രാൻഡായ ടോപ്പോ ചിക്കോ ഫെബ്രുവരിയിൽ തങ്ങളുടെ പുതിയ ‘പൈനാപ്പിൾ-കോക്കനട്ട്’ ഫ്ലേവർ പുറത്തിറക്കും. റാസ്ബെറി വിത്ത് ലെമൺ, പാഷൻഫ്രൂട്ട് എന്നിവയാണ് ഇവരുടെ നിലവിലുള്ള മറ്റ് ഫ്ലേവറുകൾ.
ഫെയർലൈഫ് ബ്രാൻഡിന് കീഴിലുള്ള ‘കോർ പവർ’ പ്രോട്ടീൻ ഷേക്കുകൾ ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായി ബനാന, സ്ട്രോബെറി ഫ്ലേവറുകളിൽ ജനുവരി മുതൽ ലഭ്യമാകും എന്നതാണ് മറ്റൊരു പ്രധാന ആകർഷണം. ഇവയിൽ 26 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കും. ഇതിൽ ബനാന ഫ്ലേവർ 42 ഗ്രാം ഹൈ-പ്രോട്ടീൻ പതിപ്പിലും ലഭ്യമാകും. വിപണിയിലെ മാറുന്ന ട്രെൻഡുകൾക്ക് അനുസരിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച രുചിവൈവിധ്യങ്ങൾ നൽകുകയാണ് ഈ മാറ്റങ്ങളിലൂടെ കോക്കകോള ലക്ഷ്യമിടുന്നത്.
Fairlife and Coca-Cola introduce new changes after a decade; Strawberry Float and Cherry Lime hit the market.














