ടെൽ അവീവ്: ദുബായിൽ നിന്ന് ഇസ്രായേലിലേക്ക് സർവീസ് നടത്തിയ ഫ്ലൈദുബൈ വിമാനം ടെൽ അവീവിലെ ബെൻ ഗുരിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇടിപ്പിച്ചു തകർക്കാൻ അക്രമി ലക്ഷ്യമിട്ടിരുന്നതായി യു.എസ്, ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1073-ാം നമ്പർ ഫ്ലൈറ്റിലെ ഫസ്റ്റ് ഓഫീസറായ (കോ-പൈലറ്റ്) ഒമാൻ സ്വദേശി ഹമാം അൽ-ഹമ്മാനി എന്നയാളാണ് വിമാനം തകർക്കാൻ ശ്രമിച്ചത്.
തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കങ്ങൾ കൈവശം വെച്ചതിനെ തുടർന്ന് 2024-ൽ ഒമാൻ എയർലൈൻസ് ഇയാളെ ട്രെയിനി കോ-പൈലറ്റ് സ്ഥാനത്തുനിന്നും സസ്‌പെൻഡ് ചെയ്യുകയും സുരക്ഷാ ഭീഷണിയുള്ള വ്യക്തിയായി അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരമൊരു പശ്ചാത്തലമുള്ള വ്യക്തിയെ എങ്ങനെയാണ് ഫ്ലൈദുബൈ കമ്പനി ജോലിക്ക് എടുത്തതെന്നും, ഇസ്രായേലിലേക്കുള്ള വിമാനത്തിന്റെ കോക്പിറ്റിൽ ഇയാൾ എങ്ങനെ എത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.
പറന്നുകൊണ്ടിരുന്ന വിമാനത്തെ ആയിരക്കണക്കിന് അടി താഴേക്ക് പതിപ്പിച്ച് തകർക്കാനായിരുന്നു അക്രമിയുടെ ശ്രമം. എന്നാൽ വിമാനത്തിലെ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛർ അക്രമിയെ ശക്തമായി പ്രതിരോധിച്ചു. തുടർന്ന് യാത്രക്കാരും ഓഫ്ഡ്യൂട്ടി പൈലറ്റുമാരും കോക്പിറ്റിലേക്ക് ഇരച്ചുകയറി അക്രമിയെ വലിച്ചിഴച്ച് പുറത്താക്കി. തുടർന്ന് മൂന്നാമത്തെ പൈലറ്റ് നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
സൗദിയിലെ തബൂക്കിൽ അടിയന്തിരമായി ഇറക്കിയ വിമാനത്തിൽ നിന്നും പ്രതിയെ പിന്നീട് യു.എ.ഇ അധികൃതർക്ക് കൈമാറി. ഇയാൾ ഇപ്പോൾ കസ്റ്റഡിയിലാണ്. സംഭവത്തെ തുടർന്ന് ഫ്ലൈദുബൈ ടെൽ അവീവിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും ഫ്ലൈദുബൈ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഇത് ഒരു ഭീകരാക്രമണ ശ്രമമാണെന്നാണ് ഇസ്രായേൽ വിലയിരുത്തുന്നത്. ഇയാൾക്ക് പിന്നിൽ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും കുറ്റക്കാർ കടുത്ത വില നൽകേണ്ടിവരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
US and Israeli officials state that an attempt was made to crash a Flydubai flight into Tel Aviv airport; indications point to significant terrorist links involving the co-pilot, and questioning is ongoing.















