
വാഷിംഗ്ടൺ: അമേരിക്കൻ പ്രതിരോധ വകുപ്പിൻ്റെ ആസ്ഥാനമായ പെൻ്റഗണിൽ വിഷപദാർത്ഥങ്ങളുടെ സാന്നിധ്യമുണ്ടെന്ന തെറ്റായ മുന്നറിയിപ്പിനെ തുടർന്ന് കടുത്ത പരിഭ്രാന്തിയും ലോക്ക്ഡൗണും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കെട്ടിടത്തിൻ്റെ പല നിലകളും കോറിഡോറുകളും ഉടനടി അടച്ചുപൂട്ടുകയും, ചില ഭാഗങ്ങളിൽ നിന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ സിഎൻഎൻ ആണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്.
കെട്ടിടത്തിനുള്ളിലെ വായുനിലവാര പരിശോധനാ സംവിധാനം അപകടകരമായ എന്തോ കണ്ടെത്തിയതായി സിഗ്നൽ നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇത് മാരകമായ വിഷവസ്തുക്കൾ ചോർന്ന അടിയന്തര സാഹചര്യമായി കണക്കാക്കിയാണ് സുരക്ഷാ വിഭാഗം ഉടനടി രംഗത്തിറങ്ങിയത്.
പെൻ്റഗണിലെ വായുനിലവാരത്തിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി പെൻ്റഗൺ വക്താവ് ഷാൻ പാർനെൽ സ്ഥിരീകരിച്ചു. “നിലവിലുള്ള സ്റ്റാൻഡേർഡ് പ്രൊട്ടക്ഷൻ പ്രോട്ടോക്കോളുകൾ വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി ബാധിക്കപ്പെട്ട മേഖലയിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്,” ഷാൻ പാർനെൽ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് പെൻ്റഗൺ ഫോഴ്സ് പ്രൊട്ടക്ഷൻ ഏജൻസിയുടെ ഹസ്മത് റെസ്പോൺസ് ടീമും, ആർലിംഗ്ടൺ കൗണ്ടി ഫയർ ഡിപ്പാർട്ട്മെൻ്റും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആർലിംഗ്ടൺ ഫയർ ആൻഡ് ഇഎംഎസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധനകൾ നടത്തി. പെൻ്റഗൺ സുരക്ഷാ ജീവനക്കാർ ഗ്യാസ് മാസ്കുകളും കെമിക്കൽ പ്രൊട്ടക്റ്റീവ് ഗിയറുകളും ധരിച്ചാണ് കെട്ടിടത്തിനുള്ളിൽ പരിശോധന നടത്തിയത്. കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ഇതിനായി ഒന്നോ രണ്ടോ മണിക്കൂർ സമയമെടുക്കുമെന്നും അധികൃതർ ജീവനക്കാർക്ക് അടിയന്തര സന്ദേശം നൽകിയിരുന്നു. കെട്ടിടത്തിനുള്ളിൽ അടിയന്തര രക്ഷാസേന നടത്തുന്ന പരിശോധനകൾ കണ്ട് ജീവനക്കാർ പരിഭ്രാന്തരാകരുതെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, മണിക്കൂറുകൾ നീണ്ട വിശദമായ പരിശോധനകൾക്കൊടുവിൽ കെട്ടിടത്തിനുള്ളിൽ അപകടകരമായ യാതൊരുവിധ രാസവസ്തുക്കളും ഇല്ലെന്ന് അധികൃതർ കണ്ടെത്തി. സെൻസറിലുണ്ടായ സാങ്കേതിക തകരാർ മൂലമാണ് തെറ്റായ മുന്നറിയിപ്പ് ഉണ്ടായതെന്ന് സ്ഥിരീകരിച്ചതോടെ പെൻ്റഗണിലെ ലോക്ക്ഡൗണും ഒഴിപ്പിക്കൽ നടപടികളും പിൻവലിച്ചു.
False warning of a poison gas threat at the Pentagon; Lockdown and evacuation, moments of total panic















