ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം: നഷ്ടം 50 കോടിയെന്ന് വിലയിരുത്തല്‍

കോഴിക്കോട് : കോഴിക്കോട് പാളയത്തെ ജയലക്ഷ്മി സില്‍ക്സിലുണ്ടായ വൻ തീപിടിത്തത്തിൽ ഏകദേശം 50 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ. ചൊവ്വാഴ്ച വൈകുന്നേരമാണ് നഗരത്തെ നടുക്കിയ ഈ അപകടമുണ്ടായത്.

ഷോറൂം മാനേജർ നൽകിയ പരാതി പ്രകാരം 50 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. റംസാൻ, വിഷു വിപണികൾക്കായി എത്തിച്ച വൻതോതിലുള്ള തുണിത്തരങ്ങൾ കത്തിനശിച്ചു. 2023-ൽ ഇതേ ഷോറൂമിലുണ്ടായ തീപിടിത്തത്തേക്കാൾ മൂന്നിരട്ടി നഷ്ടമാണ് ഇത്തവണ സംഭവിച്ചതെന്ന് ഉടമ ഗോവിന്ദ് കമ്മത്ത് വ്യക്തമാക്കി.

കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് 6 മണിയോടെ പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും തുണിത്തരങ്ങളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഫയർഫോഴ്സിനും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിനും കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തീയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അപകടസമയത്ത് ആളുകൾ കുറവായതിനാലും കൃത്യസമയത്ത് എല്ലാവരെയും ഒഴിപ്പിച്ചതിനാലും വൻ ദുരന്തം ഒഴിവായി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള യൂണിറ്റുകൾ ഉൾപ്പെടെ ഇരുപതിലധികം ഫയർ എൻജിനുകൾ ആറ് മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണക്കാനായത്.

തീപിടിത്തത്തിൽ കെട്ടിടത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിനാൽ ഷോറൂം വീണ്ടും പ്രവർത്തനമാരംഭിക്കാൻ ഏകദേശം മൂന്ന് മാസമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്.

Fire at Jayalakshmi Silks: Loss estimated at Rs 50 crore

More Stories from this section

family-dental
witywide