ഒഹായോ: വെള്ളത്തില്‍ വീണ ഒരാളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ അമേരിക്കയിലെ ഒഹായോ നദിയില്‍ അഞ്ചുപേര്‍ മുങ്ങിമരിച്ചു. ഒഹായോയിലെ സയോട്ടോ നദിയിൽ ഞായറാഴ്ച രാത്രിയാണ് അപകടം. സംഭവസ്ഥലത്തുണ്ടായിരുന്ന സംഘത്തിലെ ഒരു കുട്ടി ഭയന്നോടി സമീപ റോഡിലെത്തിയതുകണ്ട ഒരു വാഹനയാത്രക്കാരൻ 911 അടിയന്തരസേവന നമ്പറിലേക്ക് വിളിച്ച് വിവരം അറിയിച്ചതായി ഡെലവെയർ കൗണ്ടി ഷെരീഫ് ജെഫ്രി ബാൽസർ തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘത്തിലുണ്ടായിരുന്ന 10 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളെ കുടുംബസേവന വകുപ്പിന്റെ സംരക്ഷണത്തിലാക്കിയിട്ടുണ്ട്. സഹായം തേടി ഓടിയെത്തിയ കുട്ടിയും ഇവരിൽ ഉൾപ്പെടുന്നുവെന്ന് ഷെരീഫ് വ്യക്തമാക്കി. കൊളംബസ് നഗരത്തിന് സമീപമുള്ള പവൽ പ്രദേശത്തെ സയോട്ടോ നദീതീരത്ത് ഞായറാഴ്ച ഒത്തുകൂടിയ സംഘത്തിലെ ഒരാൾ നീന്താനായി നദിയിലിറങ്ങിയതോടെയാണ് ദുരന്തത്തിന് തുടക്കമായത്. അദ്ദേഹത്തെ രക്ഷിക്കാൻ നദിയിലിറങ്ങിയ മറ്റുള്ളവരും ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴാൻ തുടങ്ങി എന്ന് ബാൽസർ പറഞ്ഞു.
ഞായറാഴ്ച നടത്തിയ തിരച്ചിലിൽ രണ്ട് സ്ത്രീകളെ നദിയിൽ നിന്ന് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് തിങ്കളാഴ്ച മൂന്ന് പുരുഷന്മാരുടെ മൃതദേഹങ്ങളും നദിയിൽ നിന്ന് കണ്ടെത്തിയതായി ഡെലവെയർ കൗണ്ടി ഷെരീഫ് വകുപ്പിന്റെ വക്താവ് ട്രേസി വൈറ്റഡ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ഈ സംഘം മത്സ്യബന്ധനത്തിനായി എത്തിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മരിച്ച അഞ്ച് പേരില്‍ രണ്ട് ദമ്പതിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതരുടെ നിഗമനം. ആദ്യം വെള്ളത്തില്‍ അപകടത്തില്‍പ്പെട്ടയാളും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ബന്ധുക്കളെ അറിയിച്ചതിന് ശേഷമേ പുറത്തുവിടുകയുള്ളൂവെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.
Five people have died in a river in Ohio after several of them went into the water to help another person who was struggling to swim














