
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു. ലേബർ ഡേ വാരാന്ത്യത്തിന് മുന്നോടിയായി ഡീസൽ വില ഗാലന് 5.85 ഡോളറിലെത്തി പുതിയ റെക്കോർഡ് രേഖപ്പെടുത്തി. 2022 ജൂണിൽ രേഖപ്പെടുത്തിയ 5.81 ഡോളറായിരുന്നു ഇതിന് മുമ്പത്തെ ഉയർന്ന നിരക്ക്. ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതാണ് ആഗോള എണ്ണവില ഉയരാൻ പ്രധാന കാരണമായത്. ഇതിന്റെ പ്രതിഫലനമായി അമേരിക്കയിലും ഇന്ധനവില കുത്തനെ ഉയരുകയാണ്.
ലേബർ ഡേ അവധിക്കാലത്ത് യാത്ര ചെയ്യുന്നവർക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവില നേരിടേണ്ടിവരുമെന്ന് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ (എഎഎ) മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച സാധാരണ പെട്രോളിന്റെ ദേശീയ ശരാശരി വില ഗാലന് 4.15 ഡോളറിനടുത്തെത്തി. തൊട്ടുമുൻപത്തെ ആഴ്ചയെ അപേക്ഷിച്ച് ആറ് സെന്റിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
ലേബർ ഡേ ദിനത്തിൽ അമേരിക്കയിൽ പെട്രോൾ വില ഗാലന് നാല് ഡോളറിന് മുകളിലെത്തുന്നത് ചരിത്രത്തിൽ ഇതാദ്യമാണെന്നും എഎഎ വ്യക്തമാക്കി. വർഷത്തിലെ ഈ കാലയളവിൽ പെട്രോളിന്റെ ആവശ്യകത സാധാരണയായി കുറയുന്നതിനാൽ ഇന്ധനവിലയും താഴാറാണ് പതിവ്. എന്നാൽ ഇത്തവണ ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതിനാൽ വിപരീത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് എഎഎയുടെ റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 95 ഡോളറിലേക്ക് ഉയർന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില ഈ ഉയർന്ന നിലയിൽ തുടരുകയാണ്. യുദ്ധത്തിന് മുമ്പ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിരുന്ന വിലയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ ക്രൂഡ് ഓയിൽ വിലയിൽ ഏകദേശം 45 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവിലയിലെ ഈ കുതിച്ചുചാട്ടം ലേബർ ഡേ അവധിക്കാല യാത്രകൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.










