താലിബാൻ ഭരണത്തിൽ അഫ്ഗാനിസ്ഥാൻ നരകതുല്യം: അഞ്ചാം വർഷത്തിലും ആഗോള നിശബ്ദത തുടരുന്നു; ആൺകോയ്മയ്ക്ക് ഇരയായി സ്ത്രീ സമൂഹം

കാബൂൾ: കാബൂളിൽ നിന്നുള്ള യുഎസ് സൈന്യത്തിന്റെ നാടകീയമായ പിന്മാറ്റത്തിനും താലിബാന്റെ ഭരണ തിരിച്ചുവരവിനും അഞ്ച് വർഷം തികയുമ്പോൾ, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ-മാനവിക ദുരന്തങ്ങളിലൊന്നിലേക്ക് അഫ്ഗാനിസ്ഥാൻ കൂപ്പുകുത്തി. ഇരുപത് വർഷത്തെ യുദ്ധത്തിനായി 2.3 ട്രില്യൺ ഡോളറിലധികം അമേരിക്കൻ നികുതിപ്പണം ഒഴുക്കിയ അഫ്ഗാനിസ്ഥാനും അവിടുത്തെ ജനങ്ങളും, ഇന്ന് ആഗോള സമൂഹത്തിന്റെ ശ്രദ്ധയിൽ നിന്ന് ഏറെക്കുറെ മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് കുട്ടികളെ പട്ടിണിയിലേക്കും പെൺകുട്ടികളെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്കും തള്ളിവിട്ടുകൊണ്ടാണ് പ്രതിസന്ധി തുടരുന്നത്.

താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ അന്താരാഷ്ട്ര ധനസഹായത്തിൽ ഉണ്ടായ കനത്ത കുറവ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളെയും ബാധിച്ചു. മുൻപ് അഫ്ഗാന് ഏറ്റവും കൂടുതൽ സഹായം നൽകിയിരുന്ന അമേരിക്ക, ധനസഹായം നൽകുന്ന മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് തന്നെ പുറത്തായി. 2025-ന്റെ തുടക്കത്തിൽ അന്നത്തെ യു.എസ് ഭരണകൂടം തങ്ങളുടെ വികസന സഹായ കരാറുകൾ റദ്ദാക്കിയതോടെ 1.7 ബില്യൺ ഡോളറിന്റെ അടിയന്തര സഹായമാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്.

പെൺകുട്ടികളുടെയും സ്ത്രീകളുടെയും അടിസ്ഥാന അവകാശങ്ങൾക്ക് മേലുള്ള താലിബാന്റെ കടന്നുകയറ്റം പൂർണ്ണമായ ‘ലിംഗവിവേചന’ വ്യവസ്ഥിതിയിലേക്ക് രാജ്യത്തെ മാറ്റി. രാജ്യത്തെ പകുതിയോളം വരുന്ന സ്ത്രീജനസംഖ്യയെ പൊതുജീവിതത്തിൽ നിന്ന് പൂർണ്ണമായും തുടച്ചുനീക്കിയതോടെ, സ്ത്രീകൾക്ക് ജീവിക്കാൻ ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ഇടമായി അഫ്ഗാനിസ്ഥാൻ മാറി. ഒരു പെൺകുട്ടി അഫ്ഗാനിസ്ഥാനിൽ ജനിച്ചു ജീവിക്കുക എന്നത് നരകതുല്യമാണെന്ന് മുതിർന്ന യുഎസ് മുൻ ഉദ്യോഗസ്ഥൻ ജോൺ സോപ്കോ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകത്ത് ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്ന ഏക രാജ്യമാണ് ഇന്ന് അഫ്ഗാനിസ്ഥാൻ. ഈ നിരോധനം വർഷങ്ങളായി തുടരുന്നതിനാൽ ഒരു തലമുറയിലെ മുഴുവൻ പെൺകുട്ടികൾക്കും ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ വാതിലുകളാണ് എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെട്ടിരിക്കുന്നത്.

More Stories from this section

family-dental
witywide