കുത്തിയൊലിച്ചെത്തി ചെളിവെള്ളം, നേപ്പാളിനെ കണ്ണീരിലാഴ്ത്തി മിന്നൽപ്രളയം, 9 മരണം; 105 ഇന്ത്യക്കാരും 3 അമേരിക്കക്കാരും ഉൾപ്പെടെ 291 വിദേശികളെ കാണാനില്ല, കനത്ത നാശം

നേപ്പാളിൽ ടിബറ്റൻ അതിർത്തിക്ക് സമീപമുള്ള റസുവ ജില്ലയിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ 105 ഇന്ത്യക്കാർ ഉൾപ്പെടെ 291 വിദേശ പൗരന്മാരെ കാണാതായി. 9 പേരുടെ മരണം സ്ഥിരീകരിച്ച പ്രളയത്തിൽ ഭീമമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം പ്രദേശത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘങ്ങളാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് അമേരിക്കൻ പൗരന്മാരും മലേഷ്യ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളും കാണാതായവരുടെ പട്ടികയിലുണ്ട്.

ബുധനാഴ്ച രാവിലെ ഭോട്ടെ കോശി നദിയിൽ പെട്ടെന്ന് വെള്ളം ഉയർന്നതാണ് ദുരന്തത്തിന് കാരണമായത്. കുത്തിയൊലിച്ചെത്തിയ ചെളിവെള്ളത്തിൽ നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോകുകയും തിമുരെ, സ്യാബ്രുബെസി തുടങ്ങിയ അതിർത്തി മേഖലകൾ പൂർണ്ണമായി ഒറ്റപ്പെടുകയും ചെയ്തു. പ്രളയത്തിൽ ഒട്ടേറെ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നതോടൊപ്പം മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.

ദുരന്തബാധിത പ്രദേശങ്ങളിൽ നേപ്പാൾ സേനയുടെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുമ്പോഴും കാണാതായ മറ്റ് 103 പേരുടെ രാജ്യമേതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. കനത്ത പ്രളയത്തിൽ നാടിനെ നടുക്കിയ ദൃശ്യങ്ങളാണ് മേഖലയിൽ നിന്ന് പുറത്തുവരുന്നത്.

Flash Floods in Nepal: 105 Indians Among 291 Foreigners Missing; Massive Destruction Reported

More Stories from this section

family-dental
witywide