250 ദിവസത്തെ കടൽവാസം; ഒടുവിൽ വിശ്രമിക്കാൻ യുഎസ് ഭീമൻ കപ്പൽ ‘എബ്രഹാം ലിങ്കൺ’ തായ്‌ലൻഡിലേക്ക്

ബാങ്കോക്ക്: മിഡിൽ ഈസ്റ്റിലെ നീണ്ട നാളത്തെ സൈനിക വിന്യാസത്തിന് ശേഷം അമേരിക്കൻ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ തായ്‌ലൻഡിൽ ഹ്രസ്വ സന്ദർശനം നടത്തുന്നു. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളുടെ ഭാഗമായി കടലിൽ തുടർച്ചയായി 250-ലധികം ദിവസങ്ങൾ ചെലവഴിച്ച ശേഷമാണ് കപ്പൽ തായ്‌ലൻഡ് തീരത്തേക്ക് അടുക്കുന്നത്. ജീവനക്കാരുടെ വിശ്രമത്തിനും ആശ്വാസത്തിനുമായാണ് ഈ സന്ദർശനമെന്ന് തായ്‌ലൻഡ് ഔദ്യോഗിക വൃത്തങ്ങൾ ബുധനാഴ്ച അറിയിച്ചു.

യുഎസ് നേവി കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിൽ നിന്നുള്ള മൂന്ന് കപ്പലുകൾ വിശ്രമത്തിനായി കിഴക്കൻ തായ്‌ലൻഡിൽ അടുക്കുമെന്ന് റോയൽ തായ് നേവി പ്രസ്താവനയിൽ സ്ഥിരീകരിച്ചു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ കപ്പലുകളുടെ പേരുകളോ, എത്തുന്ന തുറമുഖമോ, തീയതിയോ പുറത്തുവിട്ടിട്ടില്ല. സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിൽ യാതൊരുവിധ സൈനികാഭ്യാസങ്ങളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.

ദീർഘനാൾ നീണ്ടുനിന്ന കടലിലെ വിന്യാസം കപ്പലിലെ ജീവനക്കാരുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും ഭക്ഷണവും ശുചിത്വ ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ ദൗർലഭ്യം കപ്പലിൽ നേരിട്ടതായും റിപ്പോർട്ടുകളുണ്ട്. മാസങ്ങളോളം ജന്മനാട്ടിൽ നിന്നും കുടുംബത്തിൽ നിന്നും മാറിനിൽക്കുന്നത് ജീവനക്കാരിൽ കടുത്ത സമ്മർദ്ദമുണ്ടാക്കുന്നതായാണ് സൂചന. യുഎസും ഇറാനും തമ്മിലുള്ള ശത്രുതയ്ക്ക് സമീപ ആഴ്ചകളിൽ നേരിയ അയവ് വന്നിട്ടുണ്ടെങ്കിലും ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് നാവികസേന ഉപരോധം തുടരുകയാണ്.

അതേസമയം, സംഭവത്തിൽ ബാങ്കോക്കിലെ യുഎസ് എംബസിയോ യുഎസ് നാവികസേനയോ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

After 250 days at sea; US giant ship ‘Abraham Lincoln’ finally arrives in Thailand to rest

More Stories from this section

family-dental
witywide