നേപ്പാളിൽ മിന്നൽ പ്രളയം: 36 അംഗ മലയാളി സംഘവും കുടുങ്ങി; സംസ്ഥാന സർക്കാരും എംബസിയും അടിയന്തര ഇടപെടൽ നടത്തുന്നു

നേപ്പാളിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ കാഞ്ഞങ്ങാട് മുൻ എസ്.ഐ. പ്രദീപ് അടക്കമുള്ള 36 അംഗ മലയാളി ടൂറിസ്റ്റ് സംഘവും അപകടമേഖലയിൽ കുടുങ്ങി. കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികൾ ഉൾപ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.

അതേസമയം, നേപ്പാളിൽ കനത്ത നാശനഷ്ടം വിതച്ച മിന്നൽ പ്രളയത്തിൽ മരണം 16 ആയി ഉയർന്നു. 105 ഇന്ത്യക്കാരും 32 പോലീസുകാരും 25 തീർത്ഥാടകരും ഉൾപ്പെടെ 384 പേരെയാണ് കാണാതായിരിക്കുന്നത്. നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം പ്രളയബാധിത മേഖലയിലുണ്ടായിരുന്ന വിനോദസഞ്ചാരികളുമായി നിലവിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഇതിനിടെ അപകടത്തിൽപ്പെട്ട 12 പേരെ ഹെലികോപ്റ്ററിൽ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്.

ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചത്. പ്രളയജലത്തിൽ നിരവധി ഗ്രാമങ്ങളും മാർക്കറ്റുകളും ജലസേചന പദ്ധതികളും ഒലിച്ചുപോയി. ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായി തകരുകയും മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നേപ്പാൾ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.

Nepal Flash Floods: 36-Member Malayali Group Stranded; Chief Secretary to Coordinate with MEA

More Stories from this section

family-dental
witywide