ബ്രസീലിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഫ്ലാവിയോ ബൊൽസൊനാരോയുടെ യുഎസ് സന്ദർശനത്തിന് പിന്തുണയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൊൽസൊനാരോയ്ക്ക് യുഎസിലെത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും അവർ നല്ല ആളുകളാണെന്നും ട്രംപ് പ്രതികരിച്ചു. ബുധനാഴ്ച ടെക്സസിൽനിന്ന് മടങ്ങിയെത്തിയ ട്രംപിനോട് മാധ്യമപ്രവർത്തകർ ഇക്കാര്യം ചോദിക്കുകയായിരുന്നു.
ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയുടെ രാഷ്ട്രീയ എതിരാളിയായ ബൊൽസൊനാരോയുടെ യുഎസ് സന്ദർശനത്തെ അംഗീകരിക്കുമോ എന്ന ചോദ്യത്തിന്, “ഞാൻ അംഗീകരിക്കും. അവർ നല്ല ആളുകളാണ്. ബ്രസീലിലെ തിരഞ്ഞെടുപ്പ് വളരെ വിചിത്രമായിരുന്നു. അത് ഭയാനകമായിരുന്നുവെന്നാണ് എന്റെ അഭിപ്രായം,” ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തോടുള്ള വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു.
നയതന്ത്ര പാസ്പോർട്ടുകൾ തിരികെ ഏൽപ്പിക്കാനുള്ള സമയപരിധി ചൊവ്വാഴ്ച ഉച്ചയോടെ അവസാനിച്ചതിനു പിന്നാലെയാണ് ഫ്ലാവിയോ ബൊൽസൊനാരോ ബ്രസീൽ വിട്ടത്. പാസ്പോർട്ടുകൾ തിരികെ നൽകിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഇറ്റാലിയൻ പാസ്പോർട്ടും അദ്ദേഹത്തിന്റെ കൈവശമുണ്ടെന്ന് അനുയായികൾ അറിയിച്ചു. അട്ടിമറിശ്രമക്കേസിൽ 27 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പിതാവും മുൻ പ്രസിഡന്റുമായ ജൈർ ബൊൽസൊനാരോയുടെ വീട്ടിലെത്തിയപ്പോഴാണ് ഫ്ലാവിയോയ്ക്ക് പാസ്പോർട്ടുകൾ കൈമാറാനുള്ള സുപ്രീംകോടതി ഉത്തരവ് ലഭിച്ചത്. 2022ലെ തിരഞ്ഞെടുപ്പിൽ ലുലയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് ജൈർ ബൊൽസൊനാരോക്കെതിരെ അട്ടിമറിശ്രമക്കേസ് ഉണ്ടായത്.
അർജന്റീനയിലേക്ക് കടന്ന ഫ്ലാവിയോ പിന്നീട് ഇക്വഡോർ വഴി യുഎസിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ ഫെർണാണ്ടയും മക്കളായ കരോലിന, ലൂയിസ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. ട്രംപ് ഭരണകൂടം ഇവർക്ക് യുഎസ് വിസ അനുവദിച്ചിരുന്നു. ബ്രസീലിനെയും അർജന്റീനയെയും ബന്ധിപ്പിക്കുന്ന ടാൻക്രെഡോ നെവസ് അന്താരാഷ്ട്ര പാലം വഴിയാണ് ഫ്ലാവിയോ അർജന്റീനയിൽ പ്രവേശിച്ചതെന്ന് അവിടത്തെ കുടിയേറ്റ വിഭാഗം അറിയിച്ചു. തുടർന്ന് കുടുംബം സ്വകാര്യ ചാർട്ടർ വിമാനത്തിൽ ഇക്വഡോറിലെ ഗ്വായാക്വിലിലേക്ക് യാത്ര ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഫ്ലാവിയോയുടെ യാത്ര ബ്രസീൽ പ്രസിഡന്റ് ലുലയും അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ബ്രസീലിലെത്തി ഫ്ലാവിയോയ്ക്കായി മിലെയ് പ്രചാരണം നടത്തിയിരുന്നു.
Flávio Bolsonaro’s arrival in the US get’s Trump’s seal of approval: ‘They’re fine people’












