ന്യൂഡൽഹി: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബി.ജെ.പി. മുൻ കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിൽ മധ്യപ്രദേശിൽ നിന്നാണ് ഹർദീപ് സിങ് പുരി മത്സരിക്കുക. നവംബർ 12-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പുരിയുടെ സ്ഥാനാർഥിത്വത്തിന് ബി.ജെ.പിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകിയതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അവസാനമായി. ജഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലും ഹർദീപ് സിംഗ് പുരിയെ കൈവിടാതെ മുന്നോട്ടുപോകാനാണ് ബി.ജെ.പി തീരുമാനം. ഉപതിരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നതോടെ രാജ്യസഭയിൽ 2030 വരെ കാലാവധിയുള്ള സീറ്റിലാണ് അദ്ദേഹം തുടരുക.
നേരത്തെ ഉത്തർപ്രദേശിൽ നിന്നുള്ള എട്ട് രാജ്യസഭാ സ്ഥാനാർഥികളുടെ പട്ടിക ബി.ജെ.പി പുറത്തുവിട്ടപ്പോൾ പുരിയുടെ പേര് ഉൾപ്പെടാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പുരിയുടെ നിലവിലെ രാജ്യസഭാംഗത്വ കാലാവധി 2026 നവംബർ 25-ന് അവസാനിക്കാനിരിക്കെയായിരുന്നു ഇത്. മുൻ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ 74-കാരൻ ഹർദീപ് സിങ് പുരി 2018-ൽ ഉത്തർപ്രദേശിൽ നിന്നാണ് ആദ്യമായി രാജ്യസഭാംഗമാകുന്നത്.
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതിനെ തുടർന്നാണ് പുരി ഭവന-നഗരകാര്യ വകുപ്പ് മന്ത്രിയായി കേന്ദ്ര സർക്കാരിലേക്ക് എത്തിയത്. 2019-ൽ അമൃത്സറിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ ഗുർജീത് സിങ് ഒജ്ലയോട് പരാജയപ്പെടുകയായിരുന്നു. തുടർന്ന് വാണിജ്യ-വ്യവസായ വകുപ്പ് സഹമന്ത്രിസ്ഥാനവും സ്വതന്ത്ര ചുമതലയുള്ള വ്യോമയാന വകുപ്പ് സഹമന്ത്രിസ്ഥാനവും കൈകാര്യം ചെയ്ത അദ്ദേഹത്തിന്, രണ്ടാം മോദി സർക്കാരിൽ 2021-ൽ ഭവന-നഗരകാര്യ വകുപ്പുകൾക്കൊപ്പം പെട്രോളിയം-പ്രകൃതിവാതക വകുപ്പുകളുടെ ചുമതല കൂടി ലഭിച്ചു.
BJP Names Union Minister Hardeep Singh Puri as Rajya Sabha Candidate from Madhya Pradesh











