
ന്യൂയോർക്ക്: ലോകത്തെ ഏറ്റവും അപൂർവമായ ദിനോസർ അസ്ഥികൂടങ്ങളിൽ ഒന്ന് ന്യൂയോർക്കിൽ നടന്ന ലേലത്തിൽ വൻ തുകയ്ക്ക് വിറ്റുപോയി. ടൈറനോസോറസ് റെക്സ് (ടി. റെക്സ്) ദിനോസറുകളുടെ അകന്ന ബന്ധുവായ ‘നാനോടൈറന്നസ്’ ഇനത്തിൽപ്പെട്ട അസ്ഥികൂടമാണ് 47.3 മില്യൺ ഡോളറിന് (ഏകദേശം 397 കോടി രൂപ) ഒരു രഹസ്യ വ്യക്താവ് സ്വന്തമാക്കിയത്. പ്രമുഖ ലേല കമ്പനിയായ സോത്ത്ബീസാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
തുടക്കത്തിൽ 6 മുതൽ 9 മില്യൺ ഡോളർ വരെ മാത്രം വില പ്രതീക്ഷിച്ചിരുന്ന അസ്ഥികൂടമാണ് ലേലത്തിൽ ചരിത്ര തുക നേടിയത്. ലോകത്ത് ഇതുവരെ വിറ്റഴിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് രണ്ടാമത്തെ ഏറ്റവും വിലയേറിയ ദിനോസർ അസ്ഥികൂടമാണിത്. ഈ വർഷം ആദ്യം “ഗസ്” എന്ന് പേരുള്ള ടി. റെക്സ് ഫോസിൽ 50.1 മില്യൺ ഡോളറിന് വിറ്റതാണ് നിലവിലെ ലോക റെക്കോർഡ്.
ആരാണ് ‘ജോഡി’?
“ജോഡി” എന്ന് വിളിപ്പേരുള്ള ഈ അസ്ഥികൂടം 2019-ൽ മോണ്ടാനയിലെ തന്റെ സ്വന്തം ഭൂമിയിൽ നിന്ന് കണ്ടെത്തിയ ജോഡി പിയേഴ്സൺ എന്ന റാഞ്ചറുടെ പേരിൽ നിന്നാണ് നാമകരണം ചെയ്യപ്പെട്ടത്. 2020-ൽ ഡിസ്കവറി ചാനലിന്റെ “ഡിനോ ഹണ്ടേഴ്സ്” എന്ന പ്രശസ്തമായ ഡോക്യുമെന്ററി പരമ്പരയിലൂടെയാണ് ഈ ഫോസിൽ വേട്ട ദൃശ്യവൽക്കരിക്കപ്പെട്ടത്.
ലോകത്ത് നിലവിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുള്ള ഇത്തരത്തിലുള്ള മൂന്ന് അസ്ഥികൂടങ്ങളിൽ ഒന്നായ ഇതിന്റെ 70 ശതമാനത്തോളം ഭാഗങ്ങളും സുരക്ഷിതമായ അവസ്ഥയിലാണ്. 6.5 അടി ഉയരവും ഏകദേശം 20 അടി നീളവുമുള്ള ഈ അസ്ഥികൂടം ലേലത്തിന് മുൻപായി മാൻഹട്ടനിൽ പ്രദർശനത്തിന് വെച്ചിരുന്നു.
നാനോടൈറന്നസും ടി. റെക്സും
ഏകദേശം 67 മില്യൺ വർഷങ്ങൾക്ക് മുൻപ് ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നത്. ടി. റെക്സിന്റെ പകുതി മാത്രം വലിപ്പമുള്ള നാനോടൈറന്നസുകൾ അതിന്റെ കുഞ്ഞാണെന്നായിരുന്നു പതിറ്റാണ്ടുകളായി ശാസ്ത്രലോകം കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം പുറത്തുവന്ന ഗവേഷണങ്ങളിലാണ് ഇത് ടി. റെക്സിന്റെ അകന്ന ബന്ധുവായ മറ്റൊരു പ്രത്യേക ഇനം ദിനോസർ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ടി. റെക്സിനേക്കാൾ നീളമുള്ള മുൻകാലുകളും, വലിയ നഖങ്ങളും, മൂർച്ചയേറിയ പല്ലുകളും ഇതിന്റെ പ്രത്യേകതയാണ്.
ഫോണിലൂടെയും ഓൺലൈനിലൂടെയും 12 മിനിറ്റോളം നീണ്ടുനിന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് അസ്ഥികൂടം വിറ്റുപോയത്. ലേലം ജയിച്ചയാൾ നിലവിൽ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ശാസ്ത്രീയ പഠനങ്ങൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടും വിധം ഇത്തരം അപൂർവ ഫോസിലുകൾ സ്വകാര്യ വ്യക്തികൾക്ക് വിൽക്കാതെ മ്യൂസിയങ്ങൾക്ക് കൈമാറണമെന്ന ആവശ്യവുമായി ഒരു വിഭാഗം ശാസ്ത്രജ്ഞർ രംഗത്തെത്തിയിട്ടുണ്ട്.
Rare dinosaur skeleton sold at auction for ₹397 crore















