ഇസ്രയേലിൽ പൊടിപാറിയ പോരാട്ടം! നെതന്യാഹു മുന്നിൽ, പക്ഷേ ഭൂരിപക്ഷമില്ല; നിർണായക ശക്തിയായി അറബ് പാർട്ടികൾ, ക്ലൈമാക്സ്‌ എന്താകും?

ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ കടുത്ത ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുന്നുണ്ടെങ്കിലും സർക്കാർ രൂപീകരണത്തിന് ആവശ്യമായ കേവല ഭൂരിപക്ഷത്തിലേക്ക് അദ്ദേഹത്തിന്റെ സഖ്യത്തിന് എത്താനായിട്ടില്ല. തൊട്ടുപിന്നിലായി പ്രധാന എതിരാളി ഗാദി ഐസൻകോട്ടും അദ്ദേഹത്തിന്റെ സഖ്യവും ശക്തമായ സാന്നിധ്യമായി നിലയുറപ്പിച്ചിട്ടുണ്ട്.

ആകെ വോട്ടുകളിൽ 72.4 ശതമാനം എണ്ണിത്തീർന്നപ്പോൾ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടി 27 സീറ്റുകളിൽ ലീഡ് നേടുകയും അദ്ദേഹത്തിന്റെ സഖ്യം ആകെ 54 സീറ്റുകളിൽ മുന്നേറുകയും ചെയ്യുന്നുണ്ട്. 21 സീറ്റുകളിൽ ലീഡ് നേടിയ ഐസൻകോട്ടിന്റെ യാഷിർ പാർട്ടി രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായിട്ടുണ്ട്. അതേസമയം, നെതന്യാഹു വിരുദ്ധ പാർട്ടികൾ ആകെ 48 സീറ്റുകളിലാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. 120 അംഗ ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ (Knesset) ഭൂരിപക്ഷം ഉറപ്പാക്കാൻ 61 സീറ്റുകളാണ് വേണ്ടത്.

ഇതോടെ മത്സരത്തിൽ 18 സീറ്റുകളിൽ ലീഡ് ചെയ്യുന്ന അറബ് പാർട്ടികൾ സർക്കാർ രൂപീകരണത്തിൽ നിർണായക ശക്തികളായി മാറും. സാധാരണയായി ഇസ്രയേൽ തിരഞ്ഞെടുപ്പുകളിൽ അറബ് വോട്ടർമാരുടെ പങ്കാളിത്തം കുറവാണെങ്കിലും, ഇത്തവണയുണ്ടായ കുതിച്ചുചാട്ടം നെതന്യാഹുവിനെതിരെയുള്ള ജനവികാരമാണെന്നാണ് വിലയിരുത്തൽ. ഡെമോക്രാറ്റിക് കക്ഷി നേതാവ് യെയിർ ഘോലൻ, അറബ് പാർട്ടികളുമായി ചേർന്ന് ഐസൻകോട്ട് സർക്കാർ രൂപീകരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, ട്രൂത്ത് സോഷ്യലിലൂടെ അവകാശവാദവുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. താൻ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇസ്രയേലിൽ കാര്യങ്ങൾ മാറിമറിഞ്ഞതെന്നും, വൻ തോൽവിയിലേക്ക് പോകേണ്ടിയിരുന്ന നെതന്യാഹുവിന് തന്റെ ഇടപെടൽ വലിയ തിരിച്ചുവരവിനും വിജയസാധ്യതയ്ക്കും വഴിയൊരുക്കിയെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide