ന്യൂയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിലക്കിന് പിന്നാലെ എംഎസ് നൗ, സിഎൻഎൻ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമസ്ഥാപനങ്ങളിലെ റിപ്പോർട്ടർമാർക്ക് വൈറ്റ് ഹൗസിൽ പ്രവേശനം നിഷേധിച്ചു. വെള്ളിയാഴ്ച മൂന്ന് മാധ്യമസ്ഥാപനങ്ങളെയും വൈറ്റ് ഹൗസിൽ നിന്ന് വിലക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശനിയാഴ്ച നടപടി.
തനിക്ക് ഇഷ്ടപ്പെടാത്ത വാർത്തകൾ നൽകുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ട്രംപിന്റെ നീക്കങ്ങളുടെ ഏറ്റവും പുതിയ നടപടിയാണിതെന്നാണ് വിലയിരുത്തൽ. മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന അവകാശങ്ങൾ സംബന്ധിച്ച ചർച്ചകൾക്കും നടപടി വഴിവച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിലെത്തിയപ്പോൾ പ്രസ് ബാഡ്ജ് പ്രവർത്തനരഹിതമാക്കിയതായി സിഎൻഎൻ റിപ്പോർട്ടർ ബെറ്റ്സി ക്ലീനും എംഎസ് നൗ റിപ്പോർട്ടർ അക്കെയ്‌ല ഗാർഡ്നറും അറിയിച്ചു. പിന്നാലെ പൊളിറ്റിക്കോയുടെ വൈറ്റ് ഹൗസ് റിപ്പോർട്ടർ ഷെയ്ൻ ഹാസ്‌ലെറ്റിനും പ്രവേശനം നിഷേധിക്കുകയും ബാഡ്ജ് പിടിച്ചെടുക്കുകയും ചെയ്തു.
അതേസമയം, നിയമനടപടിക്ക് ഒരുങ്ങുന്നതിന്റെ സൂചനയും മൂന്ന് മാധ്യമസ്ഥാപനങ്ങളും നൽകി. ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായി പോരാടുമെന്ന് പൊളിറ്റിക്കോ എഡിറ്റർ ഇൻ ചീഫ് ജോനാഥൻ ഗ്രീൻബെർഗർ പറഞ്ഞു. സർക്കാരിനെയും പൊതുസ്ഥാപനങ്ങളെയും ഉത്തരവാദിത്തത്തോടെ നിരീക്ഷിക്കേണ്ട തങ്ങളുടെ കടമയിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് സിഎൻഎന്നും വ്യക്തമാക്കി.
മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യത്തിൽ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ പ്രാധാന്യവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എംഎസ് നൗ അറിയിച്ചു.
മൂന്ന് മാധ്യമസ്ഥാപനങ്ങൾക്കും ഉടൻ പ്രവേശനം പുനഃസ്ഥാപിക്കണമെന്ന് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജാക്കി ഹൈൻറിച്ച് ആവശ്യപ്പെട്ടു. ഒരു മാധ്യമസ്ഥാപനത്തെ വാർത്തകളുടെ പേരിൽ ഒഴിവാക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡം ഭാവിയിൽ മറ്റേതൊരു മാധ്യമത്തിനുമെതിരെ പ്രയോഗിക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.
വാരാന്ത്യങ്ങളിലും പ്രസിഡന്റ് വാഷിങ്ടണിലോ സമീപത്തുള്ള ക്യാമ്പ് ഡേവിഡിലോ ഉള്ളപ്പോൾ വൈറ്റ് ഹൗസ് റിപ്പോർട്ടർമാർ സാധാരണയായി ജോലിയിൽ തുടരാറുണ്ട്. ഈ വാരാന്ത്യത്തിൽ ട്രംപ് മേരിലാൻഡിലെ ക്യാമ്പ് ഡേവിഡിലാണ്.
വെള്ളിയാഴ്ച ട്രംപ് സമൂഹമാധ്യമത്തിലൂടെയാണ് എംഎസ് നൗ, സിഎൻഎൻ, പൊളിറ്റിക്കോ എന്നിവയെ വൈറ്റ് ഹൗസിൽ നിന്ന് വിലക്കുന്നതായി പ്രഖ്യാപിച്ചത്. മാധ്യമങ്ങൾ തുടർച്ചയായി “വ്യാജവാർത്ത” നൽകുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. അവർ വ്യാജവാർത്തയാണ് നൽകുന്നത്. നമ്മുടെ രാജ്യത്തിന് സത്യസന്ധമായ വാർത്തകൾ ആവശ്യമാണ് എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു..
കഴിഞ്ഞ വർഷം അസോസിയേറ്റഡ് പ്രസിനും ട്രംപ് വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. മെക്സിക്കൻ ഉൾക്കടലിന്റെ പേര് മാറ്റാനുള്ള ട്രംപിന്റെ നിർദേശം പിന്തുടരാൻ എപി വിസമ്മതിച്ചതിനെ തുടർന്നായിരുന്നു നടപടി. ഇതിനെതിരെ എപി നൽകിയ കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്.
അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം ന്യൂയോർക്ക് ടൈംസ്, വാൾ സ്ട്രീറ്റ് ജേണൽ, ബിബിസി തുടങ്ങിയ മാധ്യമസ്ഥാപനങ്ങൾക്കെതിരെയും ട്രംപ് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. എബിസിയുടെ സംപ്രേഷണ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും ഭരണകൂടവുമായി തുടരുകയാണ്.
MS NOW, CNN and Politico say their journalists were denied access to White House after Trump ban












