ഫ്ലോറിഡ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ വയോധികൻ്റെ വധശിക്ഷ നടപ്പാക്കി. ഫ്ലോറിഡയുടെ ചരിത്രത്തിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് സ്പെൻസർ. ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ വച്ച് 74കാരനായ ഡസ്റ്റി റേ സ്പെൻസറുടെ വധശിക്ഷ ആണ് നടപ്പിലാക്കിയത്. മൂന്ന് മയക്കുമരുന്നുകൾ ചേർത്തുള്ള മാരകമായ കുത്തിവയ്പ്പ് വഴിയാണ് വധശിക്ഷ നടപ്പിലാക്കിയത്. ഭാര്യ കാരെൻ സ്പെൻസറെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. അഭിഭാഷകർ വാർദ്ധക്യവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി അപ്പീൽ നൽകിയെങ്കിലും, ഫ്ലോറിഡ സുപ്രീം കോടതിയും യുഎസ് സുപ്രീംകോടതിയും അത് തള്ളുകയായിരുന്നു.
1992-ൽ ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം. 1991 ഡിസംബറിൽ ഭാര്യ കാരെൻ സ്പെൻസറെ ശ്വാസം മുട്ടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ നിന്നിറങ്ങിയാൽ ഭാര്യയെ കൊല്ലുമെന്ന് സ്പെൻസർ ഭീഷണിപ്പെടുത്തിയിരുന്നു. ജയിൽമോചിതനായതിന് പിന്നാലെ സ്പെൻസർ ഭാര്യയെ ഇഷ്‌ടികകൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തിക്കൊല്ലുകയും ചെയ്‌തു. കാരെന്റെ മകനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു.
ഗവർണർ റോൺ ഡിസാൻ്റിസിന്റെ കാലത്ത് ഫ്ലോറിഡയിൽ വധശിക്ഷകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇതുവരെ ഒമ്പത് വധശിക്ഷകൾ നടപ്പിലാക്കി. ജൂലൈ 14ന് 74 വയസുള്ള മറ്റൊരു തടവുകാരനെയും വധശിക്ഷയ്ക്ക് വിധേയനാക്കാൻ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. ഡെന്നിസ് സോച്ചോർ (Dennis Sochor) എന്ന 74-കാരനായ തടവുകാരനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. അതേസമയം, അമേരിക്കയിൽ ആധുനിക കാലത്ത് വധശിക്ഷയ്ക്ക് വിധേയനായ ഏറ്റവും പ്രായം കൂടിയ വ്യക്തി 2018ൽ അലബാമയിൽ വധിക്കപ്പെട്ട 83 വയസുകാരനായ വാൾട്ടർ ലെറോയ് മൂഡി ജൂനിയർ ആണ്.
Florida man executed for killing wife, Spencer becomes oldest person to be executed in Florida history














