
ഫ്ലോറിഡ: നായയുടെ ആക്രമണത്തിൽ നിന്ന് ഒരു സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമം വൻ ദുരന്തത്തിൽ കലാശിച്ചു. ആക്രമണം നടത്തിയ നായയെ വെടിവെക്കാൻ ശ്രമിക്കുന്നതിനിടെ വെടിയുണ്ടയേറ്റ ഉടമ കൊല്ലപ്പെട്ടു. ഫ്ലോറിഡയിലെ ലേക്ക് കൗണ്ടിയിലുള്ള ലീസ്ബർഗിലാണ് സംഭവം. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.
വെള്ളിയാഴ്ച ലീസ്ബർഗിലെ ഗ്രിഫിൻ റോഡിന് സമീപമുള്ള ഭവനരഹിതരുടെ ക്യാമ്പ് ഏരിയയിലാണ് സംഭവം നടന്നത്. ഒരു സ്ത്രീയെ നായ ആക്രമിക്കുന്നത് കണ്ട് മാത്യു ലീ പാസ്കോ (43) എന്നയാൾ തോക്കുമായി ഇടപെടുകയായിരുന്നു. നായയെ ലക്ഷ്യമാക്കി വെടിയുതിർത്തുവെങ്കിലും ലക്ഷ്യം തെറ്റി ഉടമയ്ക്കാണ് വെടിയേറ്റത്. ഉടമയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പാസ്കോ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾ ഇപ്പോഴും സായുധനാണെന്നും അപകടകാരിയാണെന്നും ലേക്ക് കൗണ്ടി ഷെരീഫ് ഓഫീസ് മുന്നറിയിപ്പ് നൽകി. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായി പ്രദേശത്തെ സ്കൂളുകൾ കുറച്ചുനേരം അടച്ചിട്ടു.
പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ നിയമപാലകരെ വിവരമറിയിക്കണമെന്ന് ലേക്ക് കൗണ്ടി അധികൃതർ അഭ്യർത്ഥിച്ചു. സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ല.
Florida man shot dead after dog attacks him; search underway for suspect















