അബുദാബി ചർച്ചകൾക്ക് തൊട്ടുമുൻപ് യുക്രെയ്നിൽ റഷ്യയുടെ അതിരൂക്ഷ മിസൈൽ-ഡ്രോൺ ആക്രമണം; നോർത്തേൺ ബ്രിഡ്ജിനും ഊർജ്ജ നിലയങ്ങൾക്കും കനത്ത നാശം

കീവ്: യുഎസ്, റഷ്യ, യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുക്കുന്ന നിർണ്ണായക സമാധാന ചർച്ചകൾ അബുദാബിയിൽ നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുക്രെയ്ൻ തലസ്ഥാനമായ കീവിലും മറ്റ് 12 മേഖലകളിലും അതിരൂക്ഷമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി റഷ്യ. 36 ബാലിസ്റ്റിക് മിസൈലുകളും 172 ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. പ്രതിരോധ മിസൈലുകളുടെ ലഭ്യതക്കുറവ് കാരണം നാല് മിസൈലുകൾ മാത്രമാണ് വ്യോമസേനയ്ക്ക് തകർക്കാനായത്.

കീവിലെ തന്ത്രപ്രധാനമായ നോർത്തേൺ ബ്രിഡ്ജിന് നേരെ റഷ്യൻ മിസൈലുകൾ നേരിട്ട് പതിച്ചു. ഡൈനിപ്പർ നദിയുടെ കരകളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയായ ഈ പാലത്തിനും പരിസരത്തെ വൈദ്യുതി-ട്രോളിബസ് ശൃംഖലകൾക്കും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. യുക്രെയ്ൻ സൈനിക ഉപകരണങ്ങളും ആയുധങ്ങളും കടത്താൻ ഉപയോഗിക്കുന്ന പാതയായതിനാലാണ് പാലം ആക്രമിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ആക്രമണത്തെ തുടർന്ന് കീവ് നഗരത്തിലെ വൈദ്യുതി, ജലവിതരണ ശൃംഖലകൾ വീണ്ടും ത തകരാറിലായി. കുട്ടികളുടെ കിൻഡർഗാർട്ടൻ കെട്ടിടങ്ങൾക്കും പാർപ്പിടങ്ങൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുൻപ് നയതന്ത്രപരമായ സമ്മർദ്ദം ചെലുത്താനുള്ള റഷ്യയുടെ ആക്രമണോത്സുക തന്ത്രമാണിതെന്ന് ആരോപിച്ച സെലെൻസ്കി, അമേരിക്കയും മറ്റ് സഖ്യരാജ്യങ്ങളും ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide