
പെൻസിൽവേനിയ: പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫൊക്കാനയുടെ 22ാം അന്താരാഷ്ട്ര കൺവെൻഷൻ പെൻസിൽവേനിയ പോക്കനോസ് മൗണ്ടൻസിലെ കാലഹാരി റിസോർട്ടിൽ ലോക പ്രശസ്ത സിനിമാ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫൊക്കാന വളരെ വലിയൊരു പ്രസ്ഥാനമായി വളർന്നതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലയാളികൾക്ക് ഉള്ള ചില പൊതു സ്വഭാവങ്ങൾ കേരളം വിട്ടുകഴിഞ്ഞാൽ ഇല്ലാതാകുമെന്നും പ്രവാസികളായ മലയാളികൾ അമേരിക്കയിലും മറ്റും എത്തിയാൽ പ്രഗൽഭരും ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവരുമാകും എന്നും അദ്ദേഹം പറഞ്ഞു. കേരളം ഒരു കംഫർട്ട് സോണാണ്. അവിടെയെത്തിയാൽ മടി, അസൂയ, കഴമ്പില്ലാത്ത വിമർശനം ഇതെല്ലാം മലയാളികളെ ബാധിക്കും – അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ എത്തിയിട്ട് ഇത്ര അധികം മലയാളികളെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫൊക്കാനക്ക് എല്ലാ ആശംസകളുമായി കേരള ചീഫ് വിപ് അപു ജോൺ ജോസഫ് കൺവൻഷനിൽ എത്തിച്ചേർന്നു. മുഖ്യാതിഥിയായിരുന്നു അദ്ദേഹം. പ്രവാസികൾ കേരളത്തെ മറക്കരുതെന്നും മികച്ച ഇൻവെസ്റ്റ്മെൻ്റുകൾ നടത്തി കേരളത്തെയും കൈപിടിച്ച് ഉയർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാന അതിന് നേതൃത്വം നൽകണം. നിങ്ങളെ ജനിപ്പിച്ച് വളർത്തി വിദ്യാഭ്യാസം നൽകി വലുതാക്കി അമേരിക്കയിലേക്ക് വരാൻ പ്രാപ്തമാക്കിയത് കേരളം ആണ്. ആ കേരളത്തിന് നിങ്ങളുടെ അറിവും അനുഭവ പരിചയവും തിരികെ നൽകണം. താനും ഒരു പ്രവാസിയായിരുന്നു എന്നും മലയാളിയായതിൽ അഭിമാനിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക സമാധാനത്തിന് സാമൂഹിക ഐക്യത്തിന് സാഹോദര്യത്തിന് എന്നും മാതൃകയാണ് കേരളം. ജാതി മത ഭേദമില്ലാതെ മൂന്നരകോടി മനുഷ്യർ ഒന്നിച്ചിരുന്നു ഓണം ഉണ്ണുന്ന ദേശമാണ് കേരളം. ആ ദേശത്തിന്റെ മക്കളായതിൽ അഭിമാനിക്കൂ. മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു – അദ്ദേഹം പറഞ്ഞു.

ഫൊക്കാന മെഡിക്കൽ കാർഡ് മെഡിക്കൽ പ്രിവിലേജ് കാർഡ് , ഭവന പ്രോജക്ട്, ഫൊക്കാന ഹെൽത് ക്ളിനിക് തുടങ്ങി നിരവധി പദ്ധതികൾ വഴി ഫൊക്കാന കേരളത്തിലേയും അമേരിക്കയിലേയും നിരവധി ജീവിതങ്ങളെ തൊട്ടെന്ന് പ്രസിഡൻ്റ് സജിമോൻ ആൻ്റണി പറഞ്ഞു. ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ലോകം മുഴുവനുമുള്ള മലയാളിക്ക് ഫൊക്കാനയുടെ സ്നേഹ സ്പർശം നൽകാൻ കഴിയും വിധം ഫൊക്കാന വളർന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത മേളകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചെണ്ട മേളവും കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ഘോഷയാത്രയും കാലഹാരിയെ ഒരു കൊച്ചു കേരളമാക്കി മാറ്റി.

മൺമറഞ്ഞുപോയ ഫൊക്കാനയുടെ മുൻ സാരഥികളായ സ്ഥാപക നേതാവ് ഡോ. എം അനിരുദ്ധൻ, ടി എസ് ചാക്കോ, ഫ്രാൻസിസ് തടത്തിൽ ചടങ്ങിൽ എന്നിവർക്ക് ആദരാജ്ഞലി അർപ്പിച്ചു .ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ സ്വാഗതം ആശംസിച്ചു.
ബിഷപ് മാർ ജോയ് ആലപ്പാട്ട് ഫൊക്കാന കൺവൻഷന് ആശംസകൾ നേരുകയും ആശിർവാദം നൽകുകയും ചെയ്തു. നാളെയാണ് ഫൊക്കാന തിരഞ്ഞെടുപ്പ്.
ഓഗസ്റ്റ് 6 മുതൽ 9വരെ നീണ്ടു നിൽക്കുന്ന കൺവൻഷൻ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക മാമാങ്കമാണ്. അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതിലും, കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും വിദേശമണ്ണിൽ നിലനിർത്തുന്നതിലും ഈ കൺവെൻഷനുകൾ നിർണായകമാണ്.
FOKANA convention began, Adoor Gopalakrishnan inaugurated it in Pennsylvania















