ട്രംപിൻ്റേത് ‘നാടക നയതന്ത്രം’; ചർച്ചകൾ നടക്കുന്നുണ്ടെന്ന യുഎസ് വാദം തള്ളി ഇറാൻ

ടെഹ്റാൻ: ഇറാനുമായുള്ള ചർച്ചകളെച്ചൊല്ലി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തുന്ന അവകാശവാദങ്ങളെ ശക്തമായി പരിഹസിച്ച് ഇറാൻ പാർലമെൻ്റ് സ്പീക്കറും മുഖ്യ ചർച്ചാപ്രതിനിധിയുമായ മുഹമ്മദ് ബാഗർ ഘാലിബാഫ് രംഗത്ത്. ട്രംപിന്റേത് വെറും “നാടക നയതന്ത്രം” മാത്രമാണെന്ന് ഘാലിബാഫ് ആരോപിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ വാഷിംഗ്ടണും ടെഹ്റാനും പരസ്പരം വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നതിനിടയിലാണ് ഇറാൻ്റെ ഈ പ്രതികരണം.

“ഒരു വശത്ത് വലിയ ആക്രമണം വരുന്നു എന്ന് ഭീഷണിപ്പെടുത്തുക, തൊട്ടടുത്ത നിമിഷം അവർക്ക് ചർച്ചയ്ക്ക് താല്പര്യമുണ്ട് എന്ന് പറയുക; ഇതാണ് നാടക നയതന്ത്രം,” ഘാലിബാഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാനുമായി ചർച്ചകൾ സജീവമായി നടക്കുന്നുണ്ടെന്നും കാര്യങ്ങൾ അനുകൂലമാണെന്നുമുള്ള ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ഘാലിബാഫിൻ്റെ ഈ പരാമർശം.

എന്നാൽ, യുഎസുമായി യാതൊരുവിധ ഔദ്യോഗിക ചർച്ചകളും നടക്കുന്നില്ലെന്നും അത്തരം ചർച്ചകൾ നിലവിൽ ആസൂത്രണം ചെയ്തിട്ടില്ലെന്നും ടെഹ്റാൻ വ്യക്തമാക്കി. അതേസമയം, ഇരുപക്ഷവും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി മധ്യസ്ഥർ വഴി സന്ദേശങ്ങൾ കൈമാറുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് സ്ഥിരീകരിച്ചു.

അമേരിക്കയുടെ ഭീഷണികളും ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളും വ്യാജവാർത്തകളും ഉപയോഗിച്ചുള്ള സമ്മർദ്ദതന്ത്രം പരാജയപ്പെട്ട ഒന്നാണെന്ന് ഘാലിബാഫ് കൂട്ടിച്ചേർത്തു. യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാനും നൽകിയ പ്രതിബദ്ധതകൾ നിറവേറ്റാനുമാണ് യുഎസ് തയ്യാറാകേണ്ടതെന്നും തങ്ങൾക്ക് ഇനി കൂടുതൽ നാടകങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Trump’s ‘drama diplomacy’; Iran rejects US claim that talks are underway

More Stories from this section

family-dental
witywide