ബിനോയി സെബാസ്റ്റ്യൻ
ഡാലസ്: രാജ്യാന്തര മലയാളി സാംസ്ക്കാരിക സംഘടനയായ ഫോമയുടെ 2026, 2028 വർഷങ്ങളിലെ ഭരണസാരഥി സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട സാം മത്തായി (നാഷണൽ വൈസ് പ്രസിഡന്റ്) ജൂഡി ജോസ് (വൈസ് പ്രസിഡന്റ്, ടെക്സോമ റീജിയൺ) ഷെല്ലി തോമസ് (നാഷണൽ കമ്മിറ്റിയംഗം) എന്നിവരെ കോട്ടയം പാർലമെന്റംഗമായ കെ. ഫ്രാൻസീസ് ജോർജ് ബൊക്കെ നൽകി ആദരിച്ചു.
ഡാലസ് മലയാളി അസോസിയേഷനും (ഡിഎംഎ) നോർത്ത് ടെക്സസ് മലയാളി അസോസിയേഷനും (എൻടിഎംഎ) സംയുക്തമായി നടത്തിയ ഓണാഘോഷവേദിയിൽ നൂറുകണക്കിനു മലയാളി സഹൃദയരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ രണ്ടു അസോസിയേഷനുകളുടെയും പ്രവർത്തനമികവുകളെ അഭിനന്ദിച്ച ഫ്രാൻസീസ് ജോർജ് ഫോമയുടെ ഭാവിപ്രവർത്തനങ്ങൾ കേരളത്തിനും സമാനമായി നോർത്തമേരിക്കൻ സമൂഹത്തിനും കൂടുതൽ ഗുണപരമായ നേട്ടങ്ങൾ പകർന്നു നൽകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.
ഫോമ കേരളത്തിൽ ഭാവനരഹിതർക്കായി നൽകി വരുന്ന ഭവനദാനപദ്ധതി കേരള സർക്കാരും ജില്ലാ, പ്രദേശിക ഭരണകൂടങ്ങളുമായി ചേർന്ന് കൂടുതൽ ജില്ലകളിലേക്കു വ്യാപിപ്പിക്കുമെന്നും പുതുതലമുറയെ ഫോമയിലേക്കാകർഷിക്കുന്നതിനായി ക്രിയാത്മകമായ കർമ്മപരിപാടികൾ ആവിഷ്ക്കരിക്കുമെന്നും ജീവകാരുണ്യരംഗത്തു സജീവമായി പ്രവർത്തുമെന്നും ഫോമാ നാഷണൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാമുവൽ മത്തായി പ്രസ്താവിച്ചു. പുതുതായി രൂപീകൃതമായ ഫോമ ടെക്സോമ റീജയണിൽ ഉൾപ്പെടുന്ന ഒക്ലഹോമ, ഡാലസ് സിറ്റികളിൽ പ്രവർത്തിക്കുന്ന സാംസ്ക്കാരിക സംഘടനകളെ ഉൾപ്പെടുത്തി വിവിധ ഭാവിപരിപാടികൾ നടത്തുമെന്ന് റീജയൺ വൈസ് പ്രസിഡായി തിരഞ്ഞെടുക്കപ്പെട്ട ജുഡി ജോസും നാഷണൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി തോമസും പറഞ്ഞു.
ഫോമാ സതേൺ റീജിൺ വൈസ് പ്രസിഡന്റ് ബിജു ലോസൺ, നോർത്ത് ടെക്സസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷാജി ആലപ്പട്ട് തുടങ്ങിയവർ വിജയികളെ അനുമോദിച്ചു. ഡക്സ്റ്റർ ഫെരേര, ലിൻഡ ഫിലിപ്സ്, രമ രഞ്ജൻ, സൈജു വർഗീസ്, മധു ജോസഫ്, ബിനോ കല്ലുങ്കൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വമേകി.













