സുപ്രധാന നീക്കം, യുഎസുമായുള്ള കരാർ നടപ്പിലാക്കുന്നതിനുള്ള കാലാവധി വെട്ടിച്ചുരുക്കാൻ തയ്യാറെന്ന് ഇറാൻ; നിർദ്ദേശം ഖത്തറിന് കൈമാറി

ദോഹ: അമേരിക്കയുമായുള്ള കരാർ നടപ്പിലാക്കുന്നതിനുള്ള സമയപരിധി ഏഴു ദിവസത്തിൽ നിന്ന് വെറും രണ്ട് ദിവസമായി ചുരുക്കിക്കൊണ്ടുള്ള പുതിയ നിർദ്ദേശം ഖത്തർ വഴി യുഎസിന് മുന്നിൽ അവതരിപ്പിച്ച് ഇറാൻ. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറിന്‍റെ മധ്യസ്ഥതയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

കരാർ നടപ്പിലാക്കുന്നതിനുള്ള കാലാവധി അഞ്ചു ദിവസമായി കുറയ്ക്കാൻ ഖത്തർ പക്ഷം നിർദ്ദേശിച്ചിരുന്നതായും, എന്നാൽ നിലവിലെ ചർച്ചകളിൽ അത് രണ്ട് ദിവസമായി ചുരുക്കാൻ ധാരണയായെന്നും അരാഗ്ചി പറഞ്ഞു. എങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ മുന്നോട്ടുവെച്ച നയങ്ങളിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മരവിപ്പിച്ച ഇറാന്റെ സാമ്പത്തിക ആസ്തികൾ മോചിപ്പിക്കുക, ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധവും ഉപരോധങ്ങളും നീക്കം ചെയ്യുക, ലെബനനിലെ ഹിസ്ബുള്ളയ്ക്കും ഗാസയിലെ ഹമാസിനുമെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങൾ ഉൾപ്പെടെ എല്ലാ രംഗങ്ങളിലെയും ശത്രുത അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇതിന് പകരമായി ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ആണവ പദ്ധതിയെക്കുറിച്ചുള്ള തുടർ ചർച്ചകളിൽ പങ്കെടുക്കാമെന്നുമാണ് ഇറാൻ വാഗ്ദാനം ചെയ്യുന്നത്.

നേരത്തെ ഏഴ് ദിവസത്തെ സമയപരിധിയാണ് ഇറാൻ മുന്നോട്ടുവെച്ചിരുന്നത്. അതനുസരിച്ച് ആറാം ദിവസമായിരുന്നു ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം, ആദ്യ ദിവസം അമേരിക്ക ചില സുപ്രധാന നടപടികൾ സ്വീകരിക്കുമെന്നും, രണ്ടാം ദിവസം തന്നെ ഹോർമുസ് കടലിടുക്ക് തുറന്ന് സമുദ്ര ഗതാഗതം പൂർവ്വസ്ഥിതിയിലാക്കുമെന്നും ഇറാൻ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

More Stories from this section

family-dental
witywide