
ഹൂസ്റ്റണ്‍: ഫോമാ പിറവിയെടുത്ത അതേ മണ്ണില്‍ 9-ാം ഫാമിലി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന് യവനിക ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബ സമ്മേളനം വിന്‍ധം ഹോട്ടലില്‍ വര്‍ണാഭമായ ചടങ്ങുകളോടെ അവിസ്മരണീയമാക്കുന്നതിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഫുഡ്, അക്കോമഡേഷന്‍ എന്നിവ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ കൗണ്ടറുകളും തയ്യാറായിട്ടുണ്ട്. ഫൈനല്‍ പ്രോഗ്രാമും ആയി.
കേരളത്തനിമയോടെയുള്ള സാംസ്‌കാരിക ഘോഷയാത്ര, നൂറുകണക്കിന് നര്‍ത്തകികള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര, വാദ്യവിസ്മയം തീര്‍ക്കുന്ന ചെണ്ടമേളം തുടങ്ങിയവയടെ അകമ്പടിയോടെ അതിവിപുലമായ പരിപാടികളാണ് വിവിധ വേദികളില്‍ അരങ്ങേറുന്നത്. ജൂലായ് 30-ാം തീയതി വ്യാഴാഴ്ച, ഘോഷയാത്രയ്ക്ക് ശേഷമാണ് ഉദ്ഘാടന സമ്മേളനം. കേരളത്തില്‍ നിന്നുള്ള സാംമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ കണ്‍വന്‍ഷനില്‍ സാന്നിധ്യമറിയിക്കും. കോവിഡ് കാലത്ത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ കണ്‍വന്‍ഷനിലെ ശ്രദ്ധേയമായ സാന്നിധ്യമാകും. വി.ടി ബല്‍റാം എം.പിയാണ് മുഖ്യാതിഥി. കെ. കെ. ഷൈലജ ഇന്നലെ തന്നെ എത്തിച്ചേർന്നിരുന്നു.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ തൃത്താല എംഎല്‍എ വി.ടി.ബല്‍റാമിന് ഐഎഎച്ച് എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ വരവേല്‍പ് നല്‍കി. ഒ.ഐ.സി.സി മുന്‍ ഗ്ലോബല്‍ പ്രസിഡണ്ട് ജെയിംസ് കൂടല്‍, കണ്‍വെന്‍ഷന്‍ സംഘാടക സമിതി അംഗവും ഐഓസി നാഷണല്‍ വൈസ്പ്രസിഡന്റുമായ തോമസ് ഒലിയാംകുന്നേല്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ സെക്രട്ടറി അനില്‍ ആറന്മുള എന്നിവര്‍ ചേര്‍ന്നാണ് എം.എല്‍.എയെ സ്വീകരിച്ചത്.ശനിയാഴ്ച രാവിലെ 11 നു നടക്കുന്ന ഫോമാ ക്രോസ് ഫയര്‍ ടോക്ക് ഷോയില്‍ എം.എല്‍.എയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.
മീറ്റ് ദ കാന്‍ഡിഡേറ്റ് വെള്ളിയാഴ്ച
വെള്ളിയാഴ്ച നടക്കുന്ന ജനറല്‍ ബോഡിയില്‍ മീറ്റ് ദ കാന്‍ഡിഡേറ്റ് പ്രോഗ്രാം ശ്രദ്ധേയമാകും. ഇതേതുടര്‍ന്നാണ് ആവേശോജ്ജ്വലമായ ഇലക്ഷന്‍ നടക്കുക. റീജിയന്‍ തലത്തില്‍ സമ്മാനാര്‍ഹരായവര്‍ വേദി കീഴടക്കുന്ന യൂത്ത് ഫെസ്റ്റിവലാണ് കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ജൂലൈ 31 വെള്ളിയാഴ്ചത്തെ ഹൈലൈറ്റ്. അന്നേ ദിവസം 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണിവരെ ഹൂസ്റ്റണിലുള്ള വിന്‍ധം ഹോട്ടലില്‍ 2,500 പേര്‍ക്കായി വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും. അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തിലെ ഏറ്റവും വലിയ ഓണസദ്യയൊരുക്കി പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് സംഘാടകര്‍.
നാടിന്റെ തനത് രുചിയും ആതിഥേയത്വത്തിന്റെ മഹത്വവും വിളിച്ചോതുന്ന ഈ സദ്യയില്‍ 23 ഇനം കറികളും മൂന്ന് തരം പായസങ്ങളും ഉള്‍പ്പെടെ സമൃദ്ധമായ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് പദ്മിനി ജയന്റെ ഗാനമേളയും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നെത്തുന്ന സംഗീതപ്രതിഭകളുടെ ഗാനമേളയും അരങ്ങുണര്‍ത്തും.
ശനിയാഴ്ച വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ബിസിനസ് മീറ്റ്, മിസ്റ്റര്‍ ആന്‍ഡ് മിസ് ഫോമാ മത്സരം, ബെസ്റ്റ് കപ്പിള്‍ കോംപറ്റീഷന്‍, ഫാഷന്‍ ഷോ, ബ്‌ളഡ് ഡ്രൈവ്, വിവിധ സ്റ്റേറ്റുകളെ പ്രതിനിധീകരിച്ചെത്തുന്ന 50-ഓളം അഭിനയ പ്രതിഭകള്‍ അരങ്ങിലെത്തുന്ന നാടകം, ഹൂസ്റ്റണിലെ വിവിധ ഡാന്‍സ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ നൃത്ത്യ നൃത്തങ്ങള്‍ എന്നിവ നടക്കും. സമാപനത്തോടനുബന്ധിച്ച് കലാഭവന്‍ ഷാജോണ്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്റ്റേജ് ഷോ വേറിട്ട അനുഭവമാകും. ആഗസ്റ്റ് 1-ാം തീയതി ഞായറാഴ്ച ബ്രേക്ക് ഫാസ്റ്റോടു കൂടി ഫോമായുടെ 9-ാമത് അന്താരാഷ്ട്ര കണ്‍വന്‍ഷന് തിരശീല വീഴും. കണ്‍വന്‍ഷനില്‍ രുചിയേറിയ കേരള-നോര്‍ത്ത് ഇന്‍ഡ്യന്‍ ഭക്ഷണമാണ് വിളമ്പുന്നത്.
കണ്‍വന്‍ഷന്‍ ആരംഭിക്കുന്ന ജൂലൈ 31-ാം തീയതി രാവിലെ മുതല്‍ വൈകുന്നേരം വരെ ഹൂസ്റ്റണിലെ ഹോബി, ഐ.എ.എച്ച് എയര്‍പോര്‍ട്ടുകളില്‍ നിന്ന് കണ്‍വന്‍ഷന്‍ സ്ഥലത്തേയ്ക്ക് വാഹനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ വാഹനങ്ങളില്‍ ഫോമായുടെ ബാനറും ഉണ്ടായിരിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കണ്‍വന്‍ഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാനും ഫോമായുടെ പ്രത്യേക ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ഉണ്ടായിരിക്കുമെന്നും ബേബി മണക്കുന്നേല്‍ വ്യക്തമാക്കി.
FOMAA Family Convention to begin soon












