
ന്യൂയോർക്ക്: നഗരത്തിരക്കുകൾക്കിടയിൽ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു സാഹസിക വേട്ടയ്ക്കാണ് യുഎസിലെ മാൻഹാട്ടൻ ഇക്കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ജനക്കൂട്ടത്തിനിടയിലൂടെ പേഴ്‌സ് തട്ടിപ്പറിച്ച് ഓടിയ യുവതിയെ കുതിരപ്പുറത്ത് പാഞ്ഞെത്തിയാണ് പൊലീസ് ഉദ്യോഗസ്ഥൻ പിടികൂടിയത്. ന്യൂയോർക്ക് നഗരത്തിൽ പഴയ ‘കൗബോയ്’ സിനിമകളെ ഓർമ്മിപ്പിക്കുന്ന ഈ പൊലീസുകാരനും കുതിരയും ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങളാണ്.
ബുധനാഴ്ച രാവിലെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഒരു സ്ത്രീയുടെ പേഴ്‌സ് തട്ടിപ്പറിച്ച് ഓടിയ പ്രതിയെ കണ്ടെത്താൻ പട്രോളിംഗിലായിരുന്ന മൗണ്ടഡ് പൊലീസ് ഉദ്യോഗസ്ഥൻ ഉടനടി പിന്നാലെ പായുകയായിരുന്നു. കുതിരയെ വേഗതയിൽ പായിച്ച് തിരക്കേറിയ ഫുട്പാത്തുകളിലൂടെയും പാർക്ക് ചെയ്ത വാഹനങ്ങൾക്കിടയിലൂടെയും ഉദ്യോഗസ്ഥൻ പ്രതിയെ പിന്തുടർന്നു. സ്ക്വാഡ് കാറുകളും സൈറണുകളും നിറഞ്ഞ ന്യൂയോർക്ക് നഗരത്തിൽ കുതിരക്കുളമ്പടികൾ ഉയർത്തിയ ഈ ചേസിംഗ് സിനിമാ രംഗങ്ങളെപ്പോലും വെല്ലുന്നതായിരുന്നു.
“നിൽക്കവിടെ!” എന്ന് പൊലീസ് ആവർത്തിച്ച് വിളിച്ചുപറഞ്ഞെങ്കിലും താൻ മോഷ്ടിച്ചിട്ടില്ലെന്ന് വാദിച്ച് സ്ത്രീ ഓട്ടം തുടർന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾക്കിടയിലൂടെയും കുതിരയെ അതിവേഗം വെട്ടിച്ചാണ് ഉദ്യോഗസ്ഥൻ മുന്നേറിയത്. ഒടുവിൽ ഒരു കാൽനടയാത്രക്കാരൻ പ്രതിയെ തടഞ്ഞതോടെ പൊലീസുകാരന് കാര്യങ്ങൾ എളുപ്പമായി. പ്രതിയെ എളുപ്പത്തിൽ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥൻ്റെ ബോഡി ക്യാമറയിലും സമീപത്തുണ്ടായിരുന്ന വാർത്താ സംഘത്തിൻ്റെ ക്യാമറയിലും ഈ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
പിടിയിലായ സ്ത്രീയെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 2000-ൽ ഒരു ടാക്സി ഡ്രൈവറെ വെടിവച്ചു കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ വ്യക്തിയാണ് ഇവരെന്നു അധികൃതർ സ്ഥിരീകരിച്ചു. മോഷണം, തെറ്റായ വിവരങ്ങൾ നൽകൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇവരെ ജയിലിലേക്ക് മാറ്റി. എന്തായാലും ഈ സാഹസികമായ ചേസിംഗിനിടയിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Footage of police on horseback arresting a pickpocket in Manhattan goes viral!















