പെൻ്റഗണുമായുള്ള ഗൂഗിളിന്റെ എഐ ഇടപാടിൽ പ്രതിഷേധിച്ച് ഗൂഗിളിൽനിന്ന് രാജി പ്രഖ്യാപിച്ച് ആൻഡ്രോയിഡ് മുൻ സുരക്ഷാ ഡയറക്ടർ റെനി മെയ്ഹോഫർ. ഗൂഗിളിന്റെ ജെമിനി എഐ രഹസ്യ സൈനിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പെന്റഗണിനെ അനുവദിക്കാനുള്ള കമ്പനിയുടെ തീരുമാനമാണ് മെയ്ഹോഫറിന്റെ എതിർപ്പിന് പിന്നിലെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ടു ചെയ്യുന്നു. കമ്പനിയുടെ ധാർമ്മിക അടിത്തറ മാനേജ്മെന്റ് നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്നും ആർക്കെങ്കിലും ബോധപൂർവ്വം ദ്രോഹം ചെയ്യുക എന്നത് ഉൾക്കൊള്ളാൻ കഴിയാത്തതും ആഗ്രഹിക്കാത്തതുമായ ഒന്നാണെന്നും അദ്ദേഹം പറയുന്നു. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന യുഎസ് സൈന്യത്തിനുവേണ്ടി പരോക്ഷമായി പോലും പ്രവർത്തിക്കില്ലെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ട്രംപ് ഭരണകൂടം അടുത്തിടെ യുദ്ധകാര്യ വകുപ്പ് എന്ന് പുനർനാമകരണം ചെയ്ത പ്രതിരോധ വകുപ്പുമായി ഗൂഗിൾ കഴിഞ്ഞ ഏപ്രിൽ അവസാനമാണ് കരാറിൽ ഏർപ്പെട്ടത്. പെൻ്റഗണിന് അതിന്റെ രഹസ്യ സംവിധാനങ്ങളിൽ ഗൂഗിൾ ജെമിനി ഏതൊരു നിയമപരമായ ആവശ്യത്തിനും ഉപയോഗിക്കാൻ അനുമതി നൽകുന്നതായിരുന്നു കരാർ. സമാനമായ കരാറിൽ സാം ഓൾട്ട്മാൻ്റെ ഓപ്പൺ എഐയും ഇലോൺ മസ്കിന്റെ എക്സ്എഐയും ഏർപ്പെട്ടിരുന്നു. അദ്ദേഹം അടക്കമുള്ളവർ ഒപ്പുവെച്ച ഒരു തുറന്ന കത്ത് നേരത്തെ ഒരു പെൻ്റഗൺ കരാർ ഉപേക്ഷിക്കാൻ ഗൂഗിളിനെ പ്രേരിപ്പിച്ചിരുന്നു. അന്ന് ഗൂഗിൾ സിഇഓ സുന്ദർ പിച്ചെയുടെ എഐ തത്വങ്ങളിൽനിന്ന് ആയുധങ്ങളെയും നിരീക്ഷണ സംവിധാനങ്ങളെയും ഒഴിവാക്കിയിരുന്നു.
Former Android security director Renee Mayhofer announces resignation from Google over AI contract with Pentagon













