മുൻ എഫ്ബിഐ തലവനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ട്രംപ് ഭരണകൂടം, ‘പ്രസിഡന്‍റിന് നേരെയുള്ള ഭീഷണി’, പ്രതികരിച്ച് ജെയിംസ് കോമി

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളികളിൽ ഒരാളും മുൻ എഫ്ബിഐ തലവനുമായ ജെയിംസ് കോമിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കടൽച്ചിപ്പികളുടെ ചിത്രം പ്രസിഡന്‍റിന് നേരെയുള്ള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ അപ്രതീക്ഷിത നടപടി. ട്രംപ് ഭരണകൂടം തന്റെ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ നടത്തുന്ന രണ്ടാമത്തെ വലിയ നിയമപോരാട്ടമായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്.പ്രസിഡന്റിനെ ഭീഷണിപ്പെടുത്തി, അന്തർസംസ്ഥാന വാണിജ്യ നിയമങ്ങൾ ലംഘിച്ച് സന്ദേശങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് നോർത്ത് കരോലിനയിലെ ഗ്രാൻഡ് ജൂറി കോമിക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാൽ ഈ നടപടിയോട് അതീവ ശാന്തമായാണ് കോമി പ്രതികരിച്ചത്. “ഞാൻ ഇപ്പോഴും നിരപരാധിയാണ്, എനിക്ക് ഭയമില്ല. സ്വതന്ത്ര ഫെഡറൽ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്, നമുക്ക് നേരിടാം,” എന്ന് അദ്ദേഹം തന്റെ സബ്സ്റ്റാക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.തനിക്കെതിരെ നീതിന്യായ വ്യവസ്ഥയെ ആയുധമാക്കുന്നവരുടെ തലവനാണ് കോമി എന്ന് പ്രസിഡന്റ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.

ആഴ്ചകൾക്ക് മുൻപ് അറ്റോർണി ജനറൽ പാം ബോണ്ടിയെ മാറ്റി ട്രംപിന്റെ വ്യക്തിഗത അഭിഭാഷകനായിരുന്ന ടോഡ് ബ്ലാഞ്ചിനെ ആ പദവിയിൽ നിയമിച്ചതിന് പിന്നാലെയാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. പ്രതിയുടെ പേര് നോക്കിയല്ല, മറിച്ച് പ്രവൃത്തിയെ അടിസ്ഥാനമാക്കിയാണ് കേസെടുത്തതെന്നും ഇത്തരം പെരുമാറ്റങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും ടോഡ് ബ്ലാഞ്ച് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ കേസ് അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

More Stories from this section

family-dental
witywide