
വാഷിംഗ്ടൺ: അമേരിക്കയിൽ മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ ഇല്ലാതെ പ്രവേശിച്ച പതിനായിരക്കണക്കിന് കുടിയേറ്റ കുട്ടികളുടെ ഭാവി പ്രതിസന്ധിയിൽ. ഇമിഗ്രേഷൻ കോടതികളിൽ ഇവർക്ക് ലഭിച്ചുകൊണ്ടിരുന്ന സൌജന്യ നിയമസഹായത്തിനുള്ള ഗവൺമെൻ്റ് കരാർ വെള്ളിയാഴ്ച അവസാനിച്ചതോടെയാണിത്. കരാർ പുതുക്കാത്ത സാഹചര്യത്തിൽ, നിലവിൽ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തുന്ന കുട്ടികൾ കൂട്ടത്തോടെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തപ്പെടാൻ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്തുടനീളമുള്ള നൂറോളം സന്നദ്ധ നിയമ സംഘടനകളുടെ ശൃംഖല വഴി ഏകദേശം 20,000 കുട്ടികൾക്കാണ് ഈ പദ്ധതിയിലൂടെ നിയമസഹായം ലഭിച്ചിരുന്നത്. എന്നാൽ വെള്ളിയാഴ്ചയോടെ കാലാവധി കഴിഞ്ഞ കരാർ എന്തുകൊണ്ട് പുതുക്കിയില്ല എന്ന ചോദ്യത്തോട് ട്രംപ് ഭരണകൂടമോ കുട്ടികളുടെ താൽക്കാലിക ചുമതലയുള്ള ‘ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസോ’ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
തിങ്കളാഴ്ച മുതൽ കോടതികളിൽ എന്ത് സംഭവിക്കുമെന്നോ, കുട്ടികൾ കഴിയുന്ന അഭയകേന്ദ്രങ്ങളിൽ സന്ദർശനം നടത്താൻ അനുമതിയുണ്ടാകുമോ എന്നതിനെക്കുറിച്ചോ വ്യക്തതയില്ലെന്ന് സന്നദ്ധ സംഘടനകൾ പറയുന്നു. “വരും ദിവസങ്ങളിൽ ഈ കുട്ടികൾക്ക് എന്ത് സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല. ഗവൺമെൻ്റ് പകരം സംവിധാനമൊന്നും ഏർപ്പെടുത്തിയിട്ടില്ല,” ടെക്സാസിലും ന്യൂ മെക്സിക്കോയിലുമായി 243 കുട്ടികളെ പ്രതിനിധീകരിക്കുന്ന ‘എസ്ട്രെല്ല എൽ പാസോ’ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മെലിസ ലോപ്പസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അഭിഭാഷകരില്ലെങ്കിൽ കുട്ടികളെ എളുപ്പത്തിൽ നാടുകടത്താമെന്ന് അറിയാവുന്നതുകൊണ്ടാണ് സർക്കാർ ഈ പദ്ധതി നിർത്തലാക്കാൻ ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. അമേരിക്കൻ ബാർ അസോസിയേഷൻ്റെ ‘പ്രോബാർ’ (ProBar) പ്രൊജക്റ്റിലെ അഭിഭാഷകയായ ലോറൻ ഫിഷർ ഫ്ലോറസും ഹാർലിംഗൻ ഇമിഗ്രേഷൻ കോടതിയിൽ ഈ ആശങ്ക പങ്കുവെച്ചു. തിങ്കളാഴ്ച മുതൽ അഭയകേന്ദ്രങ്ങളിൽ നിയമ അവബോധ ക്ലാസുകൾ നടത്താനോ, വക്കീലില്ലാതെ എത്തുന്ന കുട്ടികൾക്ക് കോടതിയിൽ താൽക്കാലിക സഹായങ്ങൾ നൽകാനോ തങ്ങൾക്ക് കഴിയില്ലെന്ന് അവർ ജഡ്ജിയെ അറിയിച്ചു.
കഴിഞ്ഞ ആറുമാസത്തിലധികമായി ഈ നിയമ സഹായ സംഘടനകൾക്ക് സർക്കാർ പണം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കുട്ടികളെക്കുറിച്ചുള്ള അതീവ രഹസ്യ സ്വഭാവമുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കാൻ സർക്കാർ ആവശ്യപ്പെട്ടതായും, ഇത് പ്രൊഫഷണൽ ധാർമ്മികതയ്ക്ക് നിരക്കാത്തതിനാൽ നൽകാതിരുന്നതുമാണ് ഫണ്ട് തടയാൻ കാരണമെന്നും സംഘടനകൾ ആരോപിക്കുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പല സംഘടനകളും ജീവനക്കാരെ പിരിച്ചുവിടാനും ഓഫീസുകൾ പൂട്ടാനും നിർബന്ധിതരായിരിക്കുകയാണ്. മെംഫിസ് ആസ്ഥാനമായ ‘മിഡ്-സൗത്ത് ഇമിഗ്രേഷൻ അഡ്വക്കേറ്റ്സ്’ എന്ന സംഘടനയ്ക്ക് മാത്രം കേന്ദ്ര സർക്കാരിൽ നിന്ന് 5,00,000 ഡോളറിലധികം ലഭിക്കാനുണ്ട്. ഫണ്ട് ലഭിക്കാത്തതിനാൽ തങ്ങളുടെ ഓഫീസുകൾ വൈകാതെ പൂർണ്ണമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് അതിൻ്റെ ലീഗൽ ഡയറക്ടർ സാലി ജോയ്നർ പറഞ്ഞു.
നിയമസഹായം പൂർണ്ണമായും നിലയ്ക്കുന്നതോടെ കൈക്കുഞ്ഞുങ്ങൾ മുതൽ കൗമാരക്കാർ വരെയുള്ള കുടിയേറ്റ കുട്ടികൾക്ക് ഇമിഗ്രേഷൻ കോടതികളിൽ നിന്ന് നേരിട്ട് നാടുകടത്തൽ ഉത്തരവുകൾ ലഭിച്ചേക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ഭീതി.
Legal aid contract ends; tens of thousands of refugee children in the US face deportation















