റഷ്യയ്ക്കുള്ളിൽ ആക്രമണം നടത്താൻ മസ്കിൻ്റെ സ്റ്റാർലിങ്ക് വേണം; ട്രംപിൻ്റെ സഹായം തേടി സെലൻസ്കി

വാഷിംഗ്ടൺ: റഷ്യയ്ക്കുള്ളിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ കൃത്യമായ ആക്രമണം നടത്തുന്നതിനായി ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ശൃംഖല ഉപയോഗിക്കാൻ അനുമതി തേടി യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി. ഇതിനായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെയും മറ്റ് ഉന്നത യുഎസ് ഉദ്യോഗസ്ഥരുടെയും അടിയന്തര സഹായം അദ്ദേഹം അഭ്യർത്ഥിച്ചു. മിഡിൽ ഈസ്റ്റിൽ ഇറാനുമായി യുഎസും ഇസ്രായേലും നടത്തുന്ന യുദ്ധം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ, യുക്രെയ്ന് ലഭിച്ചുകൊണ്ടിരുന്ന പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകളുടെ വിതരണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാനാണ് യുക്രെയ്ൻ പുതിയ നീക്കങ്ങൾ നടത്തുന്നത്.

സെനറ്റർ ലിൻഡ്സെ ഗ്രഹാമിൻ്റെ സ്മരണാഞ്ജലി ചടങ്ങിൽ പങ്കെടുക്കാൻ വാഷിംഗ്ടണിൽ എത്തിയപ്പോഴാണ് സെലൻസ്കി ട്രംപുമായും കാപ്പിറ്റോൾ ഹില്ലിലെ ജനപ്രതിനിധികളുമായും നിർണായക ചർച്ചകൾ നടത്തിയത്. എന്നാൽ യുക്രെയ്ൻ്റെ ആവശ്യങ്ങളിൽ ട്രംപ് ഇതുവരെ അനുകൂലമായ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന.

യുക്രെയ്ൻ്റെ സ്വന്തം അതിർത്തിക്കുള്ളിലും റഷ്യ കൈയേറിയ പ്രദേശങ്ങളിലും സ്റ്റാർലിങ്ക് ഉപയോഗിക്കാൻ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ റഷ്യൻ അതിർത്തിക്കുള്ളിൽ ഇത് ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്. റഷ്യയുടെ ഉള്ളിലുള്ള ലക്ഷ്യങ്ങളിലേക്ക് ദീർഘദൂര-മധ്യദൂര മിസൈലുകളും ഡ്രോണുകളും കൃത്യതയോടെ തൊടുക്കാൻ സ്റ്റാർലിങ്ക് സാങ്കേതികവിദ്യ ദീർഘകാലത്തേക്ക് ആവശ്യമാണെന്ന് യുക്രെയ്ൻ വ്യക്തമാക്കുന്നു. ഏകദേശ കണക്കിൽ ആക്രമണം നടത്തുന്നതിന് പകരം ശത്രുപക്ഷത്തെ കൃത്യമായി തകർക്കാൻ സ്റ്റാർലിങ്ക് വേണമെന്നാണ് യുക്രെയ്ൻ്റെ നിലപാടെന്ന് യുഎസ് സെനറ്റ് സമിതി അംഗം മൈക്ക് റൗണ്ട്സ് സ്ഥിരീകരിച്ചു.

കൂടുതൽ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകുന്നതിനൊപ്പം, അവ സ്വന്തം രാജ്യത്ത് നിർമ്മിക്കാനുള്ള സാങ്കേതിക ലൈസൻസ് നൽകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. മുൻപ് തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ വെച്ച് “യുക്രെയ്ന് പേട്രിയറ്റ് നിർമ്മിക്കാനുള്ള അവകാശം നൽകും” എന്ന് ട്രംപ് പറഞ്ഞിരുന്നെങ്കിലും, ഇപ്പോൾ അദ്ദേഹം അതിൽ നിന്നും അല്പം പിന്നോട്ട് പോയതായാണ് റിപ്പോർട്ടുകൾ. ഇത്തരം അത്യാധുനിക സാങ്കേതികവിദ്യകൾ കൈമാറുന്നത് എളുപ്പമല്ലെന്നും ഇതിൽ ചർച്ചകൾ തുടരുകയാണെന്നുമാണ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രെയ്ൻ്റെ പ്രതിരോധത്തിന് ഏറ്റവും വലിയ കരുത്തായത് സ്റ്റാർലിങ്ക് ശൃംഖലയാണ്. അതുകൊണ്ടുതന്നെ സ്റ്റാർലിങ്കിനെ റഷ്യ വലിയൊരു ഭീഷണിയായാണ് കാണുന്നത്. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച് തകർക്കാൻ കെൽപ്പുള്ള ആൻ്റി-സാറ്റലൈറ്റ് ആയുധങ്ങൾ റഷ്യ വികസിപ്പിക്കുന്നതായി നാറ്റോ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങൾ സംശയിക്കുന്നു. ഉപഗ്രഹങ്ങളെ തകർത്ത് ബഹിരാകാശത്ത് വലിയ തോതിൽ അവശിഷ്ടങ്ങൾ സൃഷ്ടിച്ച് ശൃംഖല മറ്റ് സ്റ്റാർലിങ്ക് ഉപഗ്രഹങ്ങലെ പ്രവർത്തന രഹിതമാക്കാനാണ് റഷ്യൻ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

റഷ്യയും ഇറാനും തമ്മിലുള്ള സൈനിക കൂട്ടുകെട്ടിൻ്റെ തെളിവുകൾ നിരത്തിയാണ് സെലൻസ്കി യുഎസിൻ്റെ പിന്തുണ ഉറപ്പാക്കാൻ ശ്രമിക്കുന്നത്. മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളെ ആക്രമിക്കാൻ റഷ്യ ഇറാനെ സാറ്റലൈറ്റ് നിരീക്ഷണങ്ങളിലൂടെ സഹായിക്കുന്നുണ്ടെന്ന തെളിവുകൾ തൻ്റെ പക്കലുണ്ടെന്ന് സെലൻസ്കി അവകാശപ്പെട്ടു. കൂടാതെ, ഇറാൻ റഷ്യയ്ക്ക് നൽകുന്ന ഡ്രോണുകളെ പ്രതിരോധിക്കുന്നതിൽ യുക്രെയ്ൻ സൈന്യത്തിന് വലിയ പരിചയസമ്പത്തുണ്ട്. ഈ സാങ്കേതിക വിജ്ഞാനം ഉപയോഗിച്ച് ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെയുള്ള ഇറാൻ്റെ ഡ്രോൺ ആക്രമണങ്ങളെ ചെറുക്കാൻ യുഎസിനെ സഹായിക്കാൻ തയ്യാറാണെന്നും സെലൻസ്കി ട്രംപ് ഭരണകൂടത്തെ അറിയിച്ചു.

യുഎസിൻ്റെ ഭാഗത്തുനിന്ന് നിലവിൽ വ്യക്തമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, തങ്ങളുടെ പ്രതിരോധ ആവശ്യങ്ങളെ മിഡിൽ ഈസ്റ്റിലെ യുഎസിൻ്റെ സുരക്ഷാ പ്രശ്നങ്ങളുമായി കൂട്ടിച്ചേർത്ത് അനുകൂല തീരുമാനം നേടിയെടുക്കാനാണ് യുക്രെയ്ൻ ഇപ്പോൾ ശ്രമിക്കുന്നത്.

Musk’s Starlink is needed to launch attacks inside Russia; Zelensky seeks Trump’s help

More Stories from this section

family-dental
witywide