ന്യൂയോർക്കിൽ 12 വർഷം ചെലവഴിച്ച ശേഷം അടുത്തിടെ ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയ അനുഭവം പങ്കിട്ട് മുൻ യൂണിസെഫ് എക്സിക്യൂട്ടീവ് ഗൗതം നരസിംഹൻ. ബെംഗളൂരുവിലെയും ന്യൂയോർക്കിലെയും ജീവിതം തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിലും തന്റെ തൊഴിൽജീവിതത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് വർഷത്തിലേറെ യൂണിസെഫിൽ സീനിയർ അഡ്വൈസറായി പ്രവർത്തിച്ച ഗൗതം നരസിംഹൻ 2026 ജനുവരിയിൽ സ്വന്തം സ്റ്റാർട്ടപ്പായ വെർഡെറ ആരംഭിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് കമ്പനി വികസിപ്പിക്കുന്നത്.
ബെംഗളൂരുവിലേക്ക് മടങ്ങിയെത്താനുള്ള തീരുമാനത്തിന് കുടുംബപരവും വ്യക്തിപരവും തൊഴിൽപരവുമായ നിരവധി കാരണങ്ങളുണ്ടെന്ന് രണ്ട് ദിവസം മുമ്പ് ലിങ്ക്ഡ്ഇനിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ 12 വർഷത്തിലേറെ കഴിഞ്ഞതിന് ശേഷം കുടുംബപരവും വ്യക്തിപരവും തൊഴിൽപരവുമായ നിരവധി കാരണങ്ങളാൽ കഴിഞ്ഞ മാസം ഞങ്ങൾ ഇന്ത്യയിലെ ബെംഗളൂരുവിലേക്ക് തിരിച്ചെത്തി.തന്റെ ജോലി അന്താരാഷ്ട്ര തലത്തിലുള്ളതും ഏതാണ്ട് എവിടെനിന്നും ചെയ്യാൻ കഴിയുന്നതുമായതിനാൽ തൊഴിൽജീവിതത്തിൽ വലിയ മാറ്റമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു നഗരങ്ങളിലെയും സാമ്യങ്ങളും വ്യത്യാസങ്ങളും ചൂണ്ടിക്കാട്ടി നരസിംഹൻ പറഞ്ഞു, “ഒരു വശത്ത് നോക്കുമ്പോൾ ഇത് തികച്ചും വ്യത്യസ്തമായൊരു ലോകമാണ്. മറുവശത്ത്, പ്രത്യേകിച്ച് ജോലിയുടെ കാര്യത്തിൽ കാര്യങ്ങൾ അത്ഭുതകരമാംവിധം അതേപടി തുടരുന്നു. യൂറോപ്പിലെ ടീം അംഗങ്ങളുമായി ചേർന്ന് അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ്. ജോലി തന്നെ വളരെ എളുപ്പത്തിൽ മറ്റൊരിടത്തുനിന്നും ചെയ്യാൻ കഴിയുന്നതാണ്. ഇപ്പോൾ ഏത് ഫോൺ കോളുകളാണ് രാവിലെ നേരത്തെയോ വൈകുന്നേരം വൈകിയോ ചെയ്യേണ്ടിവരുന്നത് എന്നതാണ് പ്രധാന വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ കാലാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾ സാധാരണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ ‘കാലാവസ്ഥാ പൊരുത്തപ്പെടുത്തലും പ്രതിരോധശേഷിയും’ എന്ന ആശയം ദൈനംദിന സംഭാഷണത്തിന്റെ ഭാഗമല്ലാത്ത ആളുകളോടൊപ്പമാണ് കൂടുതൽ സമയം ചെലവഴിക്കുന്നതെന്ന് നരസിംഹൻ വ്യക്തമാക്കി. എന്നാൽ ബെംഗളൂരുവിൽ ഈ പദങ്ങൾ ഉപയോഗിക്കാത്തവരായിരുന്നാലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചിട്ടുള്ള നിരവധി ആളുകളെ കാണാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഉഷ്ണതരംഗങ്ങൾ എന്നിവ കൂടുതൽ പ്രവചനാതീതമാവുകയും ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലും സ്ഥാപനങ്ങൾക്ക് പ്രവർത്തനം തുടരാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, നിരവധി ആളുകൾക്ക് നിങ്ങളോട് പറയാൻ സ്വന്തം അനുഭവങ്ങളുണ്ടാകുമെന്നും ബെംഗളൂരുവിലെ ആളുകളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിലെ മഴയും ഗതാഗതക്കുരുക്കും കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതങ്ങളുടെ ഉദാഹരണങ്ങളായി നരസിംഹൻ ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ മഴ എങ്ങനെ കൂടുതൽ സങ്കീർണമാക്കുന്നുവെന്നും വർധിച്ചുവരുന്ന പ്രവചനാതീതമായ കാലാവസ്ഥയോട് നഗരങ്ങളും സ്ഥാപനങ്ങളും എങ്ങനെ പൊരുത്തപ്പെടണമെന്നും അദ്ദേഹം വിശദീകരിച്ചു.
Former UNICEF executive Gautam Narasimhan has revealed that he recently relocated to Bengaluru after 12 years in the United States













