ഡീസൽ വില കുതിച്ചുയർന്നു; 90 ദിവസത്തെ കയറ്റുമതി വിലക്കിലൂടെ ട്രംപിന് വില കുറയ്ക്കാനാകുമോ?

വാഷിങ്ടൺ: യുഎസിൽ ഡീസൽ വില റെക്കോർഡ് ഉയരത്തിൽ. ഗതാഗതം, കൃഷി തുടങ്ങി ഡീസലിനെ ആശ്രയിക്കുന്ന മേഖലകൾക്ക് വിലവർധന കടുത്ത സമ്മർദമാണ് സൃഷ്ടിക്കുന്നത്. ഇറാൻ യുദ്ധം തുടരുന്നതിനിടെ ആഗോള ഇന്ധന വിപണിയിലുണ്ടായ പ്രതിസന്ധിയാണ് വില ഉയരാൻ പ്രധാന കാരണങ്ങളിലൊന്ന്.ഇതിനിടെ, രാജ്യത്തിനകത്തെ ഡീസൽ ലഭ്യത വർധിപ്പിച്ച് വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡീസൽ കയറ്റുമതിക്ക് 90 ദിവസത്തെ നിരോധനം ഏർപ്പെടുത്തുന്നത് ട്രംപ് ഭരണകൂടം പരിഗണിക്കുന്നതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. അടുത്ത ദിവസങ്ങളിലോ ആഴ്ചകളിലോ നിരോധനം പ്രഖ്യാപിച്ചാൽ 2026 അവസാനം വരെ ഇത് തുടരാൻ സാധ്യതയുണ്ടെന്ന് യാഹൂ ഫിനാൻസും റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ ഡീസൽ വിദേശത്തേക്ക് കയറ്റുമതി ചെയ്യാതെ രാജ്യത്തിനകത്ത് തന്നെ നിലനിർത്തുകയാണ് നിർദേശത്തിന്റെ ലക്ഷ്യം. അതായത്, ആഭ്യന്തര വിപണിയിലെ വിതരണം വർധിപ്പിച്ച് വില കുറയ്ക്കാനാകുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, കയറ്റുമതി നിരോധനം പ്രതീക്ഷിക്കാത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമാകാമെന്നും ഡീസൽ വില ഉയരാനുള്ള പ്രധാന കാരണങ്ങൾ പരിഹരിക്കാൻ ഇതിന് കഴിയണമെന്നില്ലെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കയറ്റുമതി നിയന്ത്രണം മൂലം ഡീസൽ വില കുറയുന്നത് യുഎസ് ഊർജ കമ്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന് ആർഎസ്എം യുഎസിലെ ചീഫ് ഇക്കണോമിസ്റ്റ് ജോ ബ്രൂസുലാസ് ചൂണ്ടിക്കാട്ടി. വരുമാനം കുറയുന്നതോടെ കമ്പനികൾ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയുമുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡീസൽ ഉൽപ്പാദനവും സംഭരണവും ഒരുപോലെയല്ലെന്നതും വെല്ലുവിളിയാണ്. യുഎസിലെ ഡീസൽ ഉൽപ്പാദനത്തിന്റെ വലിയൊരു പങ്കും ലൂസിയാനയിലെ ഗൾഫ് തീരത്താണ് നടക്കുന്നത്. ഗൾഫ് തീരത്ത് അധിക ഡീസൽ ലഭ്യമാക്കിയാലും അത് ന്യൂയോർക്ക്, കാലിഫോർണിയ തുടങ്ങിയ ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കാനാകില്ല. ഗൾഫ് തീരത്ത് നിന്നുള്ള ഇന്ധന പൈപ്പ്‌ലൈനുകൾ നിലവിൽ പൂർണ ശേഷിയിലോ അതിനടുത്തോ ആണ് പ്രവർത്തിക്കുന്നത്. അതിനാൽ അധിക ഇന്ധനം കടൽമാർഗം എത്തിക്കേണ്ടിവരുന്നത് ഗതാഗതച്ചെലവും സമയവും വർധിപ്പിക്കും.

അതേസമയം, യുഎസ് ഡീസൽ വിലയെ ആഭ്യന്തര വിപണി മാത്രമല്ല, ആഗോള വിപണിയിലെ സാഹചര്യങ്ങളും കാര്യമായി സ്വാധീനിക്കുന്നുണ്ട്. വിദേശ വിപണിയിൽ കൂടുതൽ വില ലഭിക്കുന്ന സാഹചര്യത്തിൽ ഡീസൽ കയറ്റുമതി ചെയ്യാൻ യുഎസ് കമ്പനികൾക്ക് സാമ്പത്തികമായി താൽപര്യമുണ്ടാകും.ഇറാൻ യുദ്ധം മധ്യപൂർവദേശത്തെ ഇന്ധന വിതരണത്തെ ബാധിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. റഷ്യയിലെ റിഫൈനറികൾക്ക് നേരെയുള്ള യുക്രെയ്ൻ ആക്രമണങ്ങളും ആഗോള റിഫൈനിംഗ് ശേഷിയെ ബാധിച്ചിട്ടുണ്ട്.

ഇതിനുമുമ്പും ഊർജ പ്രതിസന്ധിക്കിടെ യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1973-74ലെ അറബ് എണ്ണ ഉപരോധത്തിന് പിന്നാലെ പെട്രോൾ വില കുത്തനെ ഉയർന്നതിനെ തുടർന്ന് 1975ൽ ക്രൂഡ് ഓയിൽ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിന്നീട് നടത്തിയ പഠനങ്ങളിൽ ഈ നിയന്ത്രണങ്ങൾ ഇന്ധനവിലയിലെ സമ്മർദം കാര്യമായി കുറച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. 2015ലാണ് ക്രൂഡ് ഓയിൽ കയറ്റുമതി നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഡീസൽ കയറ്റുമതി നിരോധനം ഹ്രസ്വകാലത്തേക്ക് യുഎസിലെ ആഭ്യന്തര ലഭ്യത വർധിപ്പിച്ചേക്കാം. എന്നാൽ ഉൽപ്പാദനം കുറയാനുള്ള സാധ്യത, രാജ്യത്തിനകത്തെ ഗതാഗത പരിമിതികൾ, ആഗോള ഇന്ധന ക്ഷാമം എന്നിവ വില കുറയ്ക്കാനുള്ള നടപടിയുടെ ഫലം പരിമിതപ്പെടുത്താമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

US diesel prices hit record high: Will Trump’s 90-day export ban actually lower prices?

More Stories from this section

family-dental
witywide