‘തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നു’; ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി, ഗൂഢാലോചനയുടെ തലപ്പത്ത് അമിത് ഷായും മോദിയും

ഡൽഹി: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ എതിർപ്പുകൾ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധന (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അവഗണിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു. വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്നും ജനങ്ങളുടെ വോട്ടവകാശത്തെ ബാധിക്കുന്ന നടപടികൾ ജനാധിപത്യ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ‘വോട്ട് ചോരി’ എന്ന ആരോപണം വീണ്ടും ഉന്നയിച്ച രാഹുൽ, രാജ്യത്തെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുകയാണെന്നും ആരോപിച്ചു.

ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം എങ്ങനെ അപ്രത്യക്ഷമായെന്ന് വിശദീകരിക്കണമെന്നും രാഹുൽ ചോദിച്ചു. ഈ സംസ്ഥാനങ്ങളിൽ സാധാരണയായി അധികാരമാറ്റം ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അതിന് മാറ്റമുണ്ടായെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ദി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ കമ്മിഷന്റെ പേരിൽ എടുത്ത തീരുമാനങ്ങളിൽ കുറഞ്ഞത് 14 തവണ രേഖാമൂലം എതിർപ്പ് അറിയിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.

രാജ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പുകളും നിയമസഭാ തിരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടുകയാണെന്നതിന് ആവശ്യത്തിലധികം തെളിവുകളുണ്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരും എതിർപ്പുകൾ രേഖപ്പെടുത്തിയത് ശരിയായ നടപടിയാണെന്നും ഗ്യാനേഷ് കുമാർ വിഷയത്തിൽ ഗൗരവമായി ചിന്തിച്ച് ‘അപ്രൂവർ’ ആകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് ഇലക്ഷൻ കമ്മിഷണറെ നിയമിക്കുന്ന നടപടിക്കിടെ താൻ വിയോജനക്കുറിപ്പ് നൽകിയിരുന്നുവെന്നും രാഹുൽ പറഞ്ഞു. നിയമനം സ്വതന്ത്രമായും എക്സിക്യൂട്ടീവ് നിയന്ത്രണത്തിൽനിന്ന് മുക്തമായും വേണമെന്നായിരുന്നു തന്റെ നിലപാടെന്നും എന്നാൽ തന്റെ വിയോജനക്കുറിപ്പ് തള്ളിക്കളഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടുകൾ മോഷ്ടിക്കപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ ജനപ്രതിനിധികൾ പാസാക്കുന്ന നിയമങ്ങളുടെ നിയമസാധുത പോലും ചോദ്യം ചെയ്യപ്പെടുമെന്നും മോദി സർക്കാരിന്റെ ഭരണകാലയളവിൽ ഭരണവിരുദ്ധ വികാരം അപ്രതീക്ഷമാകുന്നു. ബാക്കി ഉള്ള എല്ലാ സർക്കാരുകളും അത് നേരിട്ടിട്ടുണ്ട്. എന്തുകൊണ്ട് ഭരണവിരുദ്ധ വികാരം അപ്രതീക്ഷമാകുന്നു എന്ന് മനസിലാകുന്നില്ല. എന്നാൽ ഇന്ന് അതിന് ഉള്ള ഉത്തരം കിട്ടി. വോട്ട് നഷ്ടമാകുന്നതോടെ ഭരണഘടനയും തകരുന്നു. വോട്ട് ഇല്ലാതാക്കിയാൽ ഭരണഘടനയും നിയമവും ഭരണഘടന സ്ഥാപനങ്ങളും ഇല്ലാതാകും. ഭരണവിരുദ്ധ വികാരം എന്നൊന്നുണ്ട്. അതിൽ നിന്ന് ആർക്കും രക്ഷ നേടാൻ കഴിയില്ല.

മോദിക്കും അമിത് ഷായ്ക്കും ബിജെപിക്കും ഇത് എന്ത് കൊണ്ട് സംഭവിക്കുന്നില്ല. ഹരിയാനയിലും യുപിയിലും മഹാരാഷ്ട്രയിലും ആടിയുലഞ്ഞ സർക്കാർ പെട്ടന്ന് സ്ഥിരത കൈവരിക്കുന്നു. എങ്ങനെ ആണ് ഇത്ര പെട്ടന്ന് ഭരണ വിരുദ്ധത ഇല്ലാതാകുന്നത്. സദ്ദാം ഹുസൈൻ ഭരണത്തിലും നോർത്ത് കൊറിയയിലും ഭരണ വിരുദ്ധ വികാരം ഉണ്ടാകാറില്ല. താൻ വായുവിൽ നിന്ന് എടുത്ത് അല്ല സംസാരിക്കുന്നത്. അദാനി, മോഹൻ ഭാഗവത്, അമിത് ഷാ, മോദി, അജിത് ഡോവൽ,ഗ്യാനേഷ് കുമാർ എന്നിവരാണ് ആസൂത്രകരെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ബിജെപി നേതാക്കൾ ജനാധിപത്യത്തിൻ്റെ കശാപ്പുകാർ. താനത് 100 ശതമാനം ഉറപ്പോടെ ആണ് പറയുന്നത്. പാർലമെൻ്റ്, നിയമസഭാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചു. കേന്ദ്ര മന്ത്രിമാർ മോദി അനുകൂല മീഡിയ വ്യവസായികൾ എന്നിവരെ ഗൂഢാലോചന നടപ്പാക്കിയവർ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ അട്ടിമറിക്കാൻ നടത്തിയ നീക്കത്തിൻ്റെ നാൾവഴികൾ പങ്കുവെച്ചു.

2023 ഡിസംബർ 21 നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സംരക്ഷിക്കാനുള്ള നിയമ നിർമാണത്തിലൂടെ നീക്കം ആരംഭിച്ചു. നവംബറിൽ ഹരിയാനയിൽ വോട്ട് മോഷണം നടന്നു. ഇന്ന് മാധ്യമ വാർത്തയിലൂടെ ഗൂഢാലോചന സ്ഥിരീകരിക്കപ്പെട്ടു. ഇന്ന് രണ്ട് ഉദ്യോഗസ്ഥർ ഇതെല്ലാം വെളിപ്പെടുത്തിയിരിക്കുന്നു. ക്രമക്കേടുകൾ തെളിയിക്കാൻ ആവശ്യമായ രേഖകൾ ഉണ്ട്. ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണം. എന്താണ് രാജ്യത്ത് നടക്കുന്നത് എന്ന് ഗ്യാനേഷ് കുമാർ മനസിലാക്കണം. ഇന്ത്യയുടെ ഭരണഘടനയെ തകർക്കുന്ന പ്രവർത്തനങ്ങൾ ആണ് നടക്കുന്നത്. തങ്ങൾ മിണ്ടാതെ ഇരിക്കില്ല. ഇന്ത്യൻ ജനാധിപത്യതെ തകർക്കുന്നവരെ ശിക്ഷിക്കും. ഗൂഢാലോചനയുടെ തലപ്പത്‌ അമിത് ഷായും മോദിയും ആണ്. ഇവരെല്ലാം രാജ്യദ്രോഹികൾ ആണ്. കഴിഞ്ഞ മൂന്ന് വർഷമായി താൻ ഇത് പറയുന്നു. വ്യക്തമായ വസ്തുകളുടെ ബലത്തിലാണ് താൻ സംസാരിക്കുന്നത്.

മോദിയും അമിത് ഷായും നടത്തിയ ഗൂഢാലോചന അന്വേഷിക്കണം. കോൺഗ്രസ്‌ പറഞ്ഞ കാര്യങ്ങൾ ആണ് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് താൻ ഉന്നയിച്ച ആശങ്കകൾ അവഗണിക്കപ്പെട്ടെന്നും രാഹുൽ ആരോപിച്ചു. “വോട്ട് ചോരിയിൽ നിന്ന് നിയമ ചോരി, നിയമ ചോരിയിൽ നിന്ന് സ്ഥാപനങ്ങളുടെ ചോരി” എന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയതെന്നും അദ്ദേഹം ആരോപിച്ചു. വോട്ടുകൾ മോഷ്ടിക്കപ്പെട്ടതാണെങ്കിൽ, അത്തരം വോട്ടുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട എംപിമാർ പാർലമെന്റിൽ പാസാക്കുന്ന നിയമങ്ങളും നിയമവിരുദ്ധമാകുമെന്നും സ്ഥാപനങ്ങളിൽ അവർ വരുത്തുന്ന മാറ്റങ്ങൾക്കും നിയമസാധുതയുണ്ടാകില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

അതേസമയം, രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നടപടികളോട് 14 തവണ എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടിനെ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിട്ടുണ്ട്. കമ്മിഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും വ്യക്തിഗത ചർച്ചകളിലെ അഭിപ്രായവ്യത്യാസങ്ങൾ അന്തിമ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്നും കമ്മിഷൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.

‘Election rigging is underway’; Rahul Gandhi demands Gyanesh Kumar’s immediate resignation, alleging Amit Shah and Modi are at the helm of the conspiracy.

More Stories from this section

family-dental
witywide