
വാഷിംഗ്ടൺ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ മുൻ യുഎസ് ബോർഡർ പട്രോൾ കമാൻഡർ ഗ്രെഗ് ബോവിനോ നടത്തിയ വിവാദ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവർക്ക് ജീവിതം ദുസ്സഹമാക്കി അവരെ സ്വയം നാടുവിടാൻ പ്രേരിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഒരു വീഡിയോ അഭിമുഖത്തിലാണ് അടുത്തിടെ വിരമിച്ച ഉദ്യോഗസ്ഥനായ ബോവിനോ തൻ്റെ നിലപാടുകൾ വ്യക്തമാക്കിയത്. നിലവിലെ കുടിയേറ്റ വിരുദ്ധ നിയമങ്ങൾ ഒന്നിനും പര്യാപ്തമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“അനധികൃത കുടിയേറ്റക്കാർക്ക് ഇവിടെ ജീവിക്കാനോ ജോലി ചെയ്യാനോ കുഞ്ഞുങ്ങളെ പ്രസവിക്കാനോ കഴിയാത്ത സാഹചര്യം ഉണ്ടാക്കണം. അമേരിക്കയിൽ ഒന്നിനും കഴിയില്ലെന്ന അവസ്ഥ വരുമ്പോൾ അവർ സ്വയം രാജ്യം വിട്ടുപോകാൻ നിർബന്ധിതരാകും,” ബോവിനോ പറഞ്ഞു. ഇതിനായി പ്രധാന നഗരങ്ങളിലെല്ലാം ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ ഏജൻ്റുമാരെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഔദ്യോഗിക കണക്കുകൾക്കും അപ്പുറം ഏകദേശം 10 കോടി ആളുകൾ അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നുണ്ടെന്നും ഇവരെയെല്ലാം പുറത്താക്കണമെന്നും ബോവിനോ ആവശ്യപ്പെട്ടു. കുറ്റവാളികളായ കുടിയേറ്റക്കാരെ മാത്രം ലക്ഷ്യം വെക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത് മറ്റുള്ളവർക്ക് സുരക്ഷിതരാണെന്ന തോന്നലുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഡോണൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്ക് നേതൃത്വം നൽകിയ ബോവിനോയുടെ കീഴിൽ നടന്ന ഒരു ഓപ്പറേഷനിടെ രണ്ട് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. വിരമിച്ച ശേഷം തീവ്ര വലതുപക്ഷ, വംശീയ ഉള്ളടക്കമുള്ള ബ്ലോഗുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിലൂടെ അദ്ദേഹം വീണ്ടും വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. ഹിറ്റ്‌ലറെ പുകഴ്ത്തുന്ന വംശീയവാദികളുമായി ബോവിനോയ്ക്ക് ബന്ധമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Former US commander calls for 100 million immigrants to be deported













