
പെൻസിൽവേനിയ (കലഹാരി റിസോർട്ട്): അമേരിക്കൻ മലയാളി മാധ്യമരംഗത്തിന് നൽകിയ ദീർഘകാല സംഭാവനകൾക്കും പ്രവാസി സമൂഹത്തിൻ്റെ ശബ്‌മായി പ്രവർത്തിച്ച സേവനങ്ങൾക്കും ആദരസൂചകമായി നാല് മുതിർന്ന മാധ്യമപ്രവർത്തകരെ ഫൊക്കാന അന്താരാഷ്ട്ര കൺവെൻഷനിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നാണ് മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, സുനിൽ ട്രൈസ്റ്റാർ, ജോർജ് ജോസഫ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.

ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആൻ്റണിയും ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ചടങ്ങിൽ സന്നിഹിതരായിരുന്നു. അമേരിക്കൻ മലയാളി സമൂഹത്തിന്റെ വളർച്ചയ്ക്കും പ്രവാസി ജീവിതത്തിന്റെ നാൾവഴികൾ രേഖപ്പെടുത്തുന്നതിനും മാധ്യമപ്രവർത്തകർ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് ഭാരവാഹികൾ പറഞ്ഞു. മാധ്യമരംഗം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിലും വാർത്തകളുടെ വിശ്വാസ്യതയും സാമൂഹിക പ്രതിബദ്ധതയും കാത്തുസൂക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരെ ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരങ്ങൾ സമ്മാനിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.

ഇ-മലയാളിയുടെ ചീഫ് എഡിറ്ററായ ജോർജ് ജോസഫ് മാധ്യമരംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെ നീളുന്ന അനുഭവസമ്പത്തുള്ള വ്യക്തിയാണ്. പ്രിന്റ് മാധ്യമത്തിൽ നിന്ന് ഡിജിറ്റൽ മാധ്യമത്തിലേക്കുള്ള മാറ്റത്തിന് നേതൃത്വം നൽകിയ അദ്ദേഹം പ്രവാസി മലയാളികളുടെ വാർത്തകൾ ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ചുവരുന്നു.
24 ന്യൂസ് യു.എസ്. പ്രതിനിധിയായ മധു കൊട്ടാരക്കര, അമേരിക്കൻ മലയാളികളുടെ വാർത്തകൾ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ സജീവ സാന്നിധ്യമാണ്. കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങൾക്കൊപ്പം മാധ്യമപ്രവർത്തനത്തെ നവീകരിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവന ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു.

പ്രവാസി മലയാളി മാധ്യമരംഗത്ത് ദീർഘകാലമായി സജീവമായി പ്രവർത്തിക്കുന്ന ജോസ് കാടാപ്പുറത്തിന്റെയും സുനിൽ ട്രൈസ്റ്റാറിന്റെയും സേവനങ്ങളും ഫൊക്കാന ആദരിച്ചു. വാർത്തകളിലൂടെ സമൂഹത്തെ ബന്ധിപ്പിക്കുകയും പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും നേട്ടങ്ങളും പൊതുസമൂഹത്തിന് മുന്നിലെത്തിക്കുകയും ചെയ് അവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.

അമേരിക്കൻ മലയാളി മാധ്യമപ്രവർത്തനം വലിയ സാമ്പത്തിക നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ളതല്ല, സമൂഹത്തോടുള്ള പ്രതിബദ്ധതയും മാധ്യമപ്രവർത്തനത്തോടുള്ള അഭിനിവേശവുമാണ് അതിന്റെ അടിത്തറയെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. മാറുന്ന മാധ്യമലോകത്ത് സത്യസന്ധവും വിശ്വാസ്യതയുള്ളതുമായ വാർത്തകൾ ജനങ്ങളിലെത്തിക്കാൻ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ ആദരവ് അർഹിക്കുന്നവരാണെന്ന സന്ദേശത്തോടെയാണ് സമ്മേളനം സമാപിച്ചത്.














