നിർമ്മിത ബുദ്ധി കമ്പനികൾക്കെതിരെ അന്വേഷണവുമായി ഫെഡറൽ ട്രേഡ് കമ്മീഷൻ; ഓപ്പൺ എഐ, ആന്ത്രോപിക് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

വാഷിം​ഗ്ടൺ: ഓപ്പൺ എ.ഐ, ആന്ത്രോപിക് അടക്കമുള്ള പ്രമുഖ നിർമ്മിത ബുദ്ധി (AI) വികസന കമ്പനികൾ ഉപഭോക്താക്കൾക്കും സുരക്ഷയ്ക്കും വരുത്തിവെക്കുന്ന സാധ്യതാ ഭീഷണികളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച് യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ. എ.ഐ സാങ്കേതികവിദ്യ ഉപഭോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്നുണ്ടോ എന്നും ന്യായമായ വിപണി മത്സരങ്ങൾക്ക് തടസ്സം നിൽക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് എഫ്.ടി.സി ആക്ട് പ്രകാരം അന്വേഷണം നടത്തുന്നത്.

ലാഭരഹിത ഗവേഷണ പ്രസ്ഥാനമായ ‘മെട്ര്’ ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളിൽ നിന്നും എഫ്.ടി.സി വിവരങ്ങൾ ശേഖരിക്കും. സാങ്കേതികവിദ്യകളുടെ പ്രവർത്തനത്തെക്കുറിച്ചും എ.ഐ ഏജന്റുകൾ വരുത്തിവെക്കുന്ന സുരക്ഷാ വീഴ്ചകളെക്കുറിച്ചും നേരിട്ട് ഹാജരായി മൊഴി നൽകാൻ കമ്പനി സി.ഇ.ഒമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും സമൻസിന് സമാനമായ ‘സിവിൽ ഇൻവെസ്റ്റിഗേറ്റീവ് ഡിമാൻഡുകൾ’ അയക്കാൻ എഫ്.ടി.സി തയാറെടുക്കുകയാണ്. എ.ഐ സാങ്കേതികവിദ്യകൾ പരീക്ഷണ അന്തരീക്ഷത്തിൽ നിന്നും പുറത്തുകടന്ന് സൈബർ ആക്രമണങ്ങൾ നടത്തിയ സംഭവങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.

അതിവേഗം വളരുന്ന എ.ഐ സാങ്കേതികവിദ്യകളുടെ വികസനം തടയില്ലെന്ന നിലപാടിലാണ് ട്രംപ് ഭരണകൂടം. ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ വെച്ച് പ്രധാന എ.ഐ കമ്പനികളുടെ അധ്യക്ഷന്മാരുമായി ട്രംപ് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിച്ചൈ തുടങ്ങി വ്യവസായ രംഗത്തെ പ്രമുഖർ സ്വയം നിയന്ത്രിത സുരക്ഷാ മാനദണ്ഡങ്ങളിൽ ഒപ്പുവെച്ചതായി ട്രംപ് അറിയിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക ഫെഡറൽ അന്വേഷണവുമായി മുന്നോട്ടുപോകാനാണ് എഫ്.ടി.സിയുടെ തീരുമാനം.

More Stories from this section

family-dental
witywide