ഇന്ധനവില വർധന: ലോകമെമ്പാടും വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു; വലഞ്ഞ് യാത്രക്കാർ

ന്യൂഡൽഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന വേനൽക്കാലത്തെ വിമാന സർവീസുകളിൽ വൻ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനികൾ. എയർ കാനഡ, ഡെൽറ്റ എയർലൈൻസ് ഉൾപ്പെടെയുള്ള പ്രമുഖർ ചില പ്രധാന റൂട്ടുകൾ താൽക്കാലികമായി റദ്ദാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതിന് ശേഷം വിമാന ഇന്ധനവില ഇരട്ടിയായി വർധിച്ചതാണ് ഈ അടിയന്തര തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.

സാധാരണഗതിയിൽ ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവർത്തനച്ചെലവിൻ്റെ 25 മുതൽ 30 ശതമാനം വരെ ഇന്ധനത്തിനായാണ് ചെലവാകുന്നത്. എന്നാൽ നിലവിലെ വിലക്കയറ്റം ദീർഘദൂര സർവീസുകളെ ലാഭകരമല്ലാത്ത അവസ്ഥയിലെത്തിച്ചിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ ഇന്ധനവില പ്രതീക്ഷിച്ചാണ് മാസങ്ങൾക്ക് മുൻപേ യാത്രക്കാർക്ക് ടിക്കറ്റുകൾ വിറ്റഴിച്ചത്. ഇപ്പോൾ വർധിച്ച ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെ പല സർവീസുകളും റദ്ദാക്കുകയോ അധിക സർചാർജ് ഈടാക്കുകയോ ചെയ്യാൻ കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ്.

അമേരിക്കൻ വിമാനക്കമ്പനിയായ ഡെൽറ്റ എയർലൈൻസ് തങ്ങളുടെ പ്രധാനപ്പെട്ട നാല് റൂട്ടുകളാണ് സെപ്റ്റംബർ വരെ റദ്ദാക്കിയിരിക്കുന്നത്. സെപ്റ്റംബർ വരെയുള്ള കാലയളവിൽ ന്യൂയോർക്കിലെ ജെ.എഫ്.കെ (JFK), ഡെട്രോയിറ്റ് (DTW), ബോസ്റ്റൺ (BOS) എന്നിവിടങ്ങളിൽ നിന്നുള്ള ചില സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണെന്ന് വിമാനക്കമ്പനി പറഞ്ഞു. ഇത് തങ്ങളുടെ “സാധാരണ ആസൂത്രണ പ്രക്രിയയുടെ” ഭാഗമാണെന്നാണ് കമ്പനിയുടെ വിശദീകരണം. ഇന്ധനവിലയെക്കുറിച്ചുള്ള ചോദ്യത്തിന്, പ്രവർത്തനച്ചെലവ് ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അവർ പ്രതികരിച്ചു.

റദ്ദാക്കിയ പ്രധാന സർവീസുകൾ:

  • JFK മുതൽ മെംഫിസ് വരെ: ജൂൺ 7 – സെപ്റ്റംബർ 7
  • JFK മുതൽ സെന്റ് ലൂയിസ് വരെ: ജൂൺ 7 – സെപ്റ്റംബർ 7
  • ഡെട്രോയിറ്റ് മുതൽ റെയ്ക്യവിക് (ഐസ്‌ലാൻഡ്) വരെ: മെയ് 7 – ജൂലൈ 6
  • ബോസ്റ്റൺ മുതൽ നസാവു (ബഹാമാസ്) വരെ: ജൂലൈ 18 – സെപ്റ്റംബർ 5

യാത്രക്കാരെ നേരിട്ട് ബന്ധപ്പെട്ട് പകരം സംവിധാനങ്ങൾ അറിയിക്കുമെന്ന് എയർലൈൻ വക്താവ് വ്യക്തമാക്കി.കെ.എൽ.എം (KLM) റോയൽ ഡച്ച് എയർലൈൻസും സാമ്പത്തിക ലാഭമില്ലാത്ത ചില റൂട്ടുകൾ ഒഴിവാക്കിക്കൊണ്ട് തങ്ങളുടെ വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

കാനഡയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള വിമാനക്കമ്പനികളും സമാനമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ടൊറൻ്റോ, മോൺട്രിയൽ എന്നിവിടങ്ങളിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള സർവീസുകൾ നിർത്തലാക്കുമെന്ന് എയർ കാനഡ അറിയിച്ചു. ജർമ്മൻ കമ്പനിയായ ലുഫ്താൻസ തങ്ങളുടെ കീഴിലുള്ള ഒരു പ്രാദേശിക എയർലൈൻ തന്നെ അടച്ചുപൂട്ടാൻ തീരുമാനിച്ചു കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ വിമാന സർവീസുകൾ തുടരുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ഇവരുടെ പക്ഷം.

യൂറോപ്പിലെ വിമാനത്താവളങ്ങളിൽ ഇനി വെറും ആറാഴ്ചത്തേക്കുള്ള ഇന്ധനം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ഇൻ്റർനാഷണൽ എനർജി ഏജൻസി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയാണ് ലോകം ഇപ്പോൾ നേരിടുന്നത്. അമേരിക്ക സ്വന്തമായി ഇന്ധനം ഉൽപ്പാദിപ്പിക്കുന്നത് കൊണ്ട് അവിടുത്തെ കമ്പനികൾക്ക് നേരിയ ആശ്വാസമുണ്ടെങ്കിലും, യൂറോപ്പിലേക്കുള്ള ദീർഘദൂര യാത്രക്കാരെ ഇന്ധനക്ഷാമം സാരമായി ബാധിച്ചേക്കാം. ചില വിമാനങ്ങൾ ഇന്ധനം നിറയ്ക്കാൻ ഇടയ്ക്ക് നിർത്തേണ്ടി വരുന്നത് യാത്രാ സമയം വർധിക്കാനും ഇടയാക്കും.

അതേസമയം, ലോകത്തെ 20 ശതമാനത്തോളം എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നത് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണിത്. എങ്കിലും, ഇന്ധന വിതരണ ശൃംഖല സാധാരണ നിലയിലാകാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. അതുവരെ വിമാനയാത്രക്കാർക്ക് കടുത്ത നിയന്ത്രണങ്ങളും ഉയർന്ന ടിക്കറ്റ് നിരക്കും നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Fuel price hike: Airline services cut across the world; passengers hit hard

More Stories from this section

family-dental
witywide