
പെൻസിൽവേനിയ (കലഹാരി റിസോർട്ട്): ഫൊക്കാനയുടെ സംഘടനാ ഘടന കൂടുതൽ ജനാധിപത്യപരവും സുതാര്യവും കാലാനുസൃതവുമാക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതികൾ ജനറൽ ബോഡി യോഗം അംഗീകരിച്ചു. അംഗസംഘടനകളുടെ പ്രാതിനിധ്യം, തെരഞ്ഞെടുപ്പ് യോഗ്യത, ഫൊക്കാന ഗ്ലോബലിന്റെ രൂപീകരണം, ബിൽഡിംഗ് ഫണ്ട്, അംഗത്വ മാനദണ്ഡങ്ങൾ തുടങ്ങി സംഘടനയുടെ പ്രവർത്തനത്തെ ദീർഘകാലം സ്വാധീനിക്കുന്ന നിരവധി നിർണായക മാറ്റങ്ങളാണ് പുതിയ ഭേദഗതികളിലൂടെ കൊണ്ടുവന്നത്.

ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അവതരിപ്പിച്ച ഭേദഗതി നിർദേശങ്ങളാണ് ജനറൽ ബോഡിയുടെ പരിഗണനയ്ക്കു മുന്നിലെത്തിയത്. സംഘടനയുടെ വളർച്ചയും ഭാവി ആവശ്യങ്ങളും മുൻനിർത്തിയാണ് പരിഷ്‌കാരങ്ങൾ തയ്യാറാക്കിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ഏറ്റവും പ്രധാനപ്പെട്ട ഭേദഗതികളിലൊന്ന് അംഗസംഘടനകളുടെ അംഗബലത്തിന് അനുസരിച്ച് ഡെലിഗേറ്റ് പ്രാതിനിധ്യം നിശ്ചയിക്കുന്ന സംവിധാനമാണ്. 99 വരെ അംഗങ്ങളുള്ള സംഘടനകൾക്ക് മൂന്ന് ഡെലിഗേറ്റുമാരും, 100-199 അംഗങ്ങളുള്ളവയ്ക്ക് ആറു ഡെലിഗേറ്റുമാരും, 200-299 അംഗങ്ങളുള്ളവയ്ക്ക് എട്ട്, 300-399 അംഗങ്ങളുള്ളവയ്ക്ക് പത്ത്, 400-999 അംഗങ്ങളുള്ളവയ്ക്ക് പന്ത്രണ്ട്, ആയിരമോ അതിലധികമോ അംഗങ്ങളുള്ള സംഘടനകൾക്ക് പതിനാല് ഡെലിഗേറ്റുമാരുമെന്ന രീതിയിലാണ് പുതിയ പ്രാതിനിധ്യ സംവിധാനം.

അംഗങ്ങളുള്ള സംഘടനകൾ ഫൊക്കാനയ്ക്ക് സ്ഥിരം ആസ്ഥാനം എന്ന ദീർഘകാല ലക്ഷ്യം യാഥാർഥ്യമാക്കാൻ ഫൊക്കാന ബിൽഡിംഗ് ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചു. ഓരോ ഭരണസമിതിയുടെയും കാലാവധി അവസാനിക്കുമ്പോൾ 10,000 ഡോളറിലധികം ശേഷിക്കുന്ന തുക പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടിലേക്ക് മാറ്റും. ഫൊക്കാനയുടെ സ്വന്തം കെട്ടിടമോ മറ്റ് സ്ഥിരം സ്വത്തുക്കളോ വാങ്ങുന്നതിനും വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി മാത്രമേ ഈ ഫണ്ട് ഉപയോഗിക്കുകയുള്ളൂ.
സംഘടനയിലെ പ്രധാന പദവികൾക്ക് കാലപരിധിയും ഭേദഗതിയിലൂടെ നിശ്ചയിച്ചു. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ, വിമൻസ് ഫോറം ചെയർപേഴ്സൺ എന്നീ പദവികളിൽ ഒരാൾക്ക് പരമാവധി രണ്ട് തവണ മാത്രമേ സേവനമനുഷ്ഠിക്കാൻ കഴിയൂ. അതേ പദവിയിൽ തുടർച്ചയായി രണ്ട് കാലാവധിക്കുശേഷം വീണ്ടും മത്സരിക്കാനാവില്ലെന്നും ഇടവേളയ്ക്കുശേഷം മാത്രമേ വീണ്ടും ആ സ്ഥാനത്തേക്ക് വരാനാകൂ എന്നും വ്യവസ്ഥ ചെയ്യുന്നു.

ഡെലിഗേറ്റുമാരുടെ വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി ഓരോ അംഗസംഘടനയുടെയും പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് പേരും വിലാസവും ഇ-മെയിലും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി.
ഫൊക്കാനയുടെ ചരിത്രത്തിലെ നിർണായക തീരുമാനമായി ‘ഫൊക്കാന ഗ്ലോബൽ’ എന്ന പുതിയ സംവിധാനത്തിനും അംഗീകാരം ലഭിച്ചു. ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഗ്ലോബൽ ചെയർമാനും വിവിധ റീജിയണൽ/കൺട്രി കോ-ഓർഡിനേറ്റർമാരും അടങ്ങുന്ന സംവിധാനമായിരിക്കും ഇത്. ഫൊക്കാന ഗ്ലോബലിന് വോട്ടവകാശമുണ്ടാകില്ലെന്നു ഫൊക്കാന ഇൻകിന്റെ അധികാരത്തിന് കീഴിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള യോഗ്യതയും കൂടുതൽ കർശനമാക്കി. പ്രസിഡന്റാകാൻ ആഗ്രഹിക്കുന്ന വ്യക്തി ഫൊക്കാന നാഷണൽ കമ്മിറ്റിയിൽ ഒരു പൂർണ കാലാവധി പ്രവർത്തിച്ചിരിക്കണം. കൂടാതെ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരു പൂർണ കാലാവധി പൂർത്തിയാക്കിയിരിക്കുകയോ, അല്ലെങ്കിൽ അംഗസംഘടനയുടെ പ്രസിഡന്റായോ സെക്രട്ടറിയായോ ഒരു പൂർണ കാലാവധി സേവനമനുഷ്ഠിച്ചിരിക്കുകയോ വേണം.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള യോഗ്യതയും കൂടുതൽ കർശനമാക്കി. പ്രസിഡന്റാകാൻ ആഗ്രഹിക്കുന്ന വ്യക്തി ഫൊക്കാന നാഷണൽ കമ്മിറ്റിയിൽ ഒരു പൂർണ കാലാവധി പ്രവർത്തിച്ചിരിക്കണം. കൂടാതെ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരു പൂർണ കാലാവധി പൂർത്തിയാക്കിയിരിക്കുകയോ, അല്ലെങ്കിൽ അംഗസംഘടനയുടെ പ്രസിഡന്റായോ സെക്രട്ടറിയായോ ഒരു പൂർണ കാലാവധി സേവനമനുഷ്ഠിച്ചിരിക്കുകയേ വേണം. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾക്കും നാഷണൽ കമ്മിറ്റിയിൽ കുറഞ്ഞത് ഒരു പൂർണ കാലാവധി പ്രവർത്തിച്ചിരിക്കണമെന്ന നിബന്ധനയും നിലവിൽ വന്നു.
ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ മുൻകൂർ അജണ്ട അംഗീകാരം നിർബന്ധമാക്കിയിരുന്ന വ്യവസ്ഥയും പുതിയ ഭേദഗതിയിലൂടെ ഒഴിവാക്കി.ഫൊക്കാന അംഗത്വത്തിന് അർഹത നേടുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തി. 501(c) രജിസ്ട്രേഷനുള്ള രാഷ്ട്രീയേതരവും മതേതരവുമായ സാംസ്‌കാരിക സംഘടനകൾക്ക് നിലവിലെ അംഗത്വ മാനദണ്ഡങ്ങൾ പാലിച്ചാൽ ഫൊക്കാനയിൽ അംഗത്വത്തിന് അപേക്ഷിക്കാം.
സംഘടനാ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു സുപ്രധാന വ്യവസ്ഥയായി, ഫൊക്കാനയ്ക്ക് സമാന്തരമായോ വിമതമായോ പ്രവർത്തിക്കുന്ന സംഘടനകളിൽ നേതൃത്വം വഹിക്കുന്നവർക്ക് ഫൊക്കാനയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന നേതൃസ്ഥാനങ്ങൾ നാലുവർഷത്തേക്ക് വഹിക്കാനാകില്ലെന്ന് തീരുമാനിച്ചു. ഇത്തരം സംഘടനകളിൽ നേതൃത്വം വഹിക്കുന്നവർക്ക് ജനറൽ ബോഡിയിൽ പങ്കെടുക്കാനോ, തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ, മത്സരിക്കാനോ കഴിയില്ലെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.
ഫൊക്കാന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും ബന്ധപ്പെട്ട കൺവെൻഷനിൽ രജിസ്റ്റർ ചെയ്യുകയും വ്യക്തിപരമായി ഹാജരായി സമ്മേളനത്തിൽ പങ്കെടുക്കുകയും വേണമെന്ന നിബന്ധനയും ഉൾപ്പെടുത്തി. രജിസ്ട്രേഷനോ ഹാജറോ ഇല്ലാത്ത സ്ഥാനാർഥികളുടെ നാമനിർദേശങ്ങൾ സ്വമേധയാ അസാധുവാകുമെന്നും പുതിയ വ്യവസ്ഥയിൽ പറയുന്നു.
സംഘടനയുടെ ഭാവി വികസനവും ആഗോള വ്യാപനവും കൂടുതൽ സുതാര്യവും ശക്തവുമായ ഭരണസംവിധാനവും ലക്ഷ്യമിട്ടാണ് ഭരണഘടനാ ഭേദഗതികൾ തയ്യാറാക്കിയതെന്ന് ഫൊക്കാന നേതൃത്വം വ്യക്തമാക്കി. ജനറൽ ബോഡിയുടെ അംഗീകാരത്തോടെ പുതിയ ഭേദഗതികൾ സംഘടനയുടെ പ്രവർത്തനത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുമെന്ന പ്രതീക്ഷയും ഭാരവാഹികൾ പങ്കുവച്ചു.
General Body Approves FOKANA Constitutional Amendments















