
ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യവും സംഘർഷവും രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിലേക്ക് ഉയർന്നു. ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ആഗോള എണ്ണവില ഇത്രയും ഉയർന്ന നിരക്കിലെത്തുന്നത്. എണ്ണ വിതരണത്തിൽ ദീർഘകാല തടസങ്ങൾ ഉണ്ടാകുമെന്ന ആശങ്കയാണ് വിപണിയിൽ വില ഉയരാൻ പ്രധാന കാരണം.
ആഗോള ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബുധനാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ 2.3 ശതമാനം ഉയർന്ന് ബാരലിന് 100 ഡോളറിലെത്തി. പിന്നീട് വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഉയർന്ന നിലവാരത്തിൽ തന്നെയാണ് വ്യാപാരം തുടരുന്നത്. യുഎസ് ക്രൂഡ് ഓയിൽ വില 1.3 ശതമാനം ഉയർന്ന് ബാരലിന് 94 ഡോളറിലെത്തി.
ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണവും സൗദി അറേബ്യയ്ക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളുമാണ് എണ്ണവില വീണ്ടും കുതിച്ചുയരാൻ കാരണമായത്. ഈ വർഷം എണ്ണവിലയിൽ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതത്തിലെ തടസങ്ങളും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളുമാണ് ഇതിന് പ്രധാന കാരണം.
ഈ വർഷം ഇതുവരെ ബ്രെന്റ് ക്രൂഡ്, യുഎസ് ക്രൂഡ് ഓയിൽ വിലകളിൽ 60 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എണ്ണവില ഉയർന്നതോടെ പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഇന്ധന ഉൽപ്പന്നങ്ങളുടെ വിലയും കുതിച്ചുയർന്നു. ഇന്ധനവിലയിലെ വർധന സാധാരണ ഉപഭോക്താക്കളുടെ കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾക്ക് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും വലിയ വെല്ലുവിളി ഉയർത്തുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുനരാരംഭിച്ചതാണ് ഈ മാസത്തെ എണ്ണവില വർധനയ്ക്ക് പ്രധാന കാരണമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.














