
വാഷിംഗ്ടൺ: ദശാബ്‍ദങ്ങളായി പ്രിയപ്പെട്ടവരെ യാത്രയാക്കാനും സ്വീകരിക്കാനും വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന കേന്ദ്രത്തിന് മുന്നിൽ കാത്തുനിൽക്കേണ്ടിവന്നിരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇനി നേരിട്ട് വിമാന ഗേറ്റിന് മുന്നിലേക്ക് കടന്നുചെല്ലാം. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് ശേഷം നിരോധിച്ച ഈ സംവിധാനം കാൽ നൂറ്റാണ്ടിന് ശേഷം വീണ്ടും നടപ്പിലാക്കുകയാണ് യുഎസ് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ. ടിക്കറ്റില്ലാത്ത യാത്രക്കാർക്കും നിശ്ചിത സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി വിമാനത്താവളത്തിനുള്ളിലെ സുരക്ഷിത മേഖലയിലേക്ക് പ്രവേശനം നൽകുന്ന പുതിയ പദ്ധതിക്ക് ടിഎസ്എ തുടക്കമിട്ടു.
വിശ്വസ്തരായ യാത്രക്കാർക്കുള്ള സവിശേഷമായ ആനുകൂല്യമാണിതെന്ന് അധികൃതർ വ്യക്തമാക്കി. പ്രിയപ്പെട്ടവരെ സ്വീകരിക്കാനും യാത്രയാക്കാനും ലേഓവർ സമയങ്ങളിൽ സുഹൃത്തുക്കളെ നേരിട്ട് കാണാനും വിമാനത്താവളങ്ങളിലെ ഭക്ഷണ ശാലകളും ഷോപ്പിംഗ് കേന്ദ്രങ്ങളും ഉപയോഗപ്പെടുത്താനും ഈ മാറ്റം വഴിയൊരുക്കും. പണ്ടുകാലത്ത് വിമാനയാത്ര നൽകിയിരുന്ന അതേ സുന്ദരമായ അനുഭവം തിരിച്ചുകൊണ്ടുവരാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. മുൻപ് 9/11 ആക്രമണത്തിന് ശേഷമാണ് ഇത്തരം സൗകര്യങ്ങൾ നിഷേധിച്ച് ടെർമിനലുകളിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
ഗേറ്റ് സൈഡ് ബൈ ടിഎസ്എ പ്രീചെക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. എന്നാൽ യാത്രയ്ക്ക് ഒന്നുമുതൽ മൂന്ന് ദിവസം മുൻപ് വരെ ഇതിനായി ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതുണ്ട്. മുൻകൂട്ടി അനുമതി ലഭിക്കുന്നവർക്ക് അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പ്രത്യേക പാസിലൂടെ അകത്തേക്ക് പ്രവേശിക്കാം. ഒരു ദിവസത്തേക്ക് മാത്രം കാലാവധിയുള്ള ഈ പാസ് ഉപയോഗിച്ച് അന്നേ ദിവസം ഒന്നിൽ കൂടുതൽ തവണ പ്രവേശനം സാധ്യമാണ്. നോൺ ട്രാവലർ നമ്പർ ഉള്ള മറ്റ് വിശ്വസ്ത പ്രോഗ്രാം അംഗങ്ങൾക്കും ഈ ആനുകൂല്യം ലഭ്യമാകും.
ആദ്യഘട്ടത്തിൽ ലോസ് ഏഞ്ചൽസ്, ഡാലസ് ഫോർട്ട് വർത്ത്, ലാസ് വെഗാസ്, സാൾട്ട് ലേക്ക് സിറ്റി തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാൻ അധികൃതർ പദ്ധതിയിടുന്നു. പ്രിയപ്പെട്ടവരെ യാത്രയാക്കുന്ന പഴയകാല ഓർമ്മകൾ തിരികെ നൽകുന്ന ഈ തീരുമാനം പ്രവാസി സമൂഹത്തിനും മറ്റ് യാത്രക്കാർക്കും വലിയ ആശ്വാസമാകും.














