
വാഷിംഗ്ടൺ: മുൻനിര സഹായികൾക്ക് പതിനായിരക്കണക്കിന് ഡോളർ പണമായി സമ്മാനം നൽകിയ സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും വൈറ്റ് ഹൗസിനെയും പ്രതിരോധത്തിലാക്കി സാമ്പത്തിക വെളിപ്പെടുത്തലുകൾ. ട്രംപിന്റെ സഹായികളായ നതാലി ഹാർപ്പ്, മാർഗോ മാർട്ടിൻ, ചേംബർലെയ്ൻ ഹാരിസ് എന്നിവർക്ക് 45,000 ഡോളർ (ഏകദേശം 38 ലക്ഷത്തിലധികം രൂപ) വീതവും വാൾട്ട് നൗട്ടയ്ക്ക് 20,000 ഡോളറും സമ്മാനമായി നൽകിയെന്നാണ് ഔദ്യോഗിക സാമ്പത്തിക വെളിപ്പെടുത്തൽ രേഖകൾ വ്യക്തമാക്കുന്നത്.
‘അവധിദിനങ്ങളിലെ പണസമ്മാനം’ എന്നാണ് രേഖകളിൽ ഈ തുകയെ വിശേഷിപ്പിച്ചിരിക്കുന്നത്. സർക്കാരിൽ നിന്നും പ്രതിവർഷം ലഭിക്കുന്ന 1,50,000 ഡോളർ ശമ്പളത്തിന് പുറമെയാണ് ജീവനക്കാർക്ക് ഈ തുക ലഭിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക പദവിക്ക് പുറത്തുനിന്ന് പ്രതിഫലം കൈപ്പറ്റുന്നത് ഫെഡറൽ നിയമപ്രകാരം വിലക്കപ്പെട്ടിട്ടുള്ളതാണെന്നിരിക്കെ, ഈ തുക വലിയ നയതന്ത്ര-നിയമ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ഈ നടപടിയെ ന്യായീകരിച്ച് വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിൾ രംഗത്തെത്തി.
ട്രംപ് തന്റെ കൂടെയുള്ള ജീവനക്കാർക്കും സഹായികൾക്കും ക്രിസ്മസ് കാലയളവിൽ സമ്മാനങ്ങൾ നൽകുന്നത് പണ്ടേയുള്ള ശീലമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പണം ഔദ്യോഗിക ചുമതലകളുടെ ഭാഗമായുള്ള പ്രതിഫലമല്ലെന്നും വെറുമൊരു വ്യക്തിഗത സമ്മാനം മാത്രമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അതിനാൽ നിലവിലെ നിയമ-സാർവത്രിക പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് ഭരണകൂടത്തിന്റെ വാദം. കീഴുദ്യോഗസ്ഥർ മേലധികാരികളിൽ നിന്ന് സമ്മാനങ്ങൾ വാങ്ങുന്നതിന് ഫെഡറൽ നിയമങ്ങളിൽ പ്രത്യേക വിലക്കുകളില്ലെന്നതും വൈറ്റ് ഹൗസ് ചൂണ്ടിക്കാണിക്കുന്നു. ‘വാഷിംഗ്ടൺ പോസ്റ്റ്’ ആണ് ഈ വിവരങ്ങൾ ആദ്യമായി പുറത്തുവിട്ടത്.















