ട്രംപിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ സ്വയം മാറി നിൽക്കണം, കൊമേഴ്‌സ് സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ എംപി; എപ്സ്റ്റീൻ ബന്ധത്തിൽ രൂക്ഷപ്രതികരണം

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ അമേരിക്കൻ കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് സ്ഥാനം ഒഴിയണമെന്ന് റിപ്പബ്ലിക്കൻ പാർട്ടി എംപി തോമസ് മാസി ആവശ്യപ്പെട്ടു. എപ്‌സ്റ്റീൻ ഫയലുകൾ പരസ്യപ്പെടുത്തുന്നതിന് നിയമനിർമ്മാണം നടത്തിയവരിൽ ഒരാൾ കൂടിയാണ് തോമസ് മാസി. എപ്‌സ്റ്റീനുമായുള്ള ബന്ധം നേരത്തെ ഉപേക്ഷിച്ചുവെന്ന് ലുട്ട്‌നിക് അവകാശപ്പെടുമ്പോഴും, അദ്ദേഹം മാസങ്ങൾക്കും വർഷങ്ങൾക്കും ശേഷവും എപ്‌സ്റ്റീനുമായി കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്തതിന്റെ തെളിവുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് രാജി ആവശ്യം ശക്തമായത്.

സി.എൻ.എന്നിന്റെ ‘ഇൻസൈഡ് പൊളിറ്റിക്സ്’ പരിപാടിയിൽ സംസാരിക്കവെയാണ് മാസി തന്റെ നിലപാട് വ്യക്തമാക്കിയത്. ലുട്ട്‌നിക് മൊഴി നൽകാൻ തയ്യാറാകണോ എന്ന ചോദ്യത്തിന്, വേണ്ട, അദ്ദേഹം രാജി വെക്കുകയാണ് വേണ്ടത് എന്നായിരുന്നു മാസിയുടെ മറുപടി. സമാനമായ വിവാദങ്ങളെത്തുടർന്ന് ബ്രിട്ടനിലെ മൂന്ന് രാഷ്ട്രീയ നേതാക്കൾ രാജി വെച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. 2005-ന് ശേഷം എപ്‌സ്റ്റീനെ താൻ കണ്ടിട്ടില്ലെന്നും ആ വ്യക്തി അറപ്പുണ്ടാക്കുന്നവനാണെന്നും കഴിഞ്ഞ വർഷം നൽകിയ അഭിമുഖത്തിൽ ലുട്ട്‌നിക് പറഞ്ഞിരുന്നു. എന്നാൽ, എപ്‌സ്റ്റീൻ കുറ്റസമ്മതം നടത്തിയ 2008-ന് ശേഷവും ലുട്ട്‌നിക് അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.

കൊമേഴ്‌സ് സെക്രട്ടറിക്ക് എപ്‌സ്റ്റീനുമായി പരിമിതമായ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ചകൾ നടന്നതെന്നും ഡിപ്പാർട്ട്‌മെന്റ് വക്താവ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ ലുട്ട്‌നിക്ക് പല കാര്യങ്ങളിലും മറുപടി നൽകാനുണ്ടെന്നും പ്രസിഡന്റിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെ അദ്ദേഹം സ്വയം മാറി നിൽക്കുകയാണ് വേണ്ടതെന്നും തോമസ് മാസി ആവർത്തിച്ചു. ഈ പുതിയ വെളിപ്പെടുത്തലുകൾ ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.