
അഹമ്മദാബാദ്: അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത് കട വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലുണ്ടായ വെടിവെപ്പിൽ ഗുജറാത്ത് സ്വദേശിനിയായ മുപ്പതുകാരിക്ക് ഗുരുതര പരിക്ക്. ബോസിയർ സിറ്റിയിലെ ‘മെസോ ഗ്രോസറി ആൻഡ് ഡെലി’ എന്ന വ്യാപാര സ്ഥാപനത്തിൽ ഏപ്രിൽ 4-നാണ് സംഭവം നടന്നത്. ഗുജറാത്ത് സ്വദേശിനിയായ ജിഗീഷ (സോണിയ ഗജേര) ആണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ശരദ് ഗജേരയെ പൊലീസ് അറസ്റ്റ് ചെയ്തു.
കടയുടെ ഉടമ വിൻസ് മെസോയുമായി വ്യാപാര കരാറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ശരദ് ഗജേരയുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സോണിയയുടെ വായയിലൂടെ തുളച്ചുകയറിയ വെടിയുണ്ട താടിയെല്ല് തകർത്താണ് പുറത്തേക്ക് പോയത്. തോക്ക് കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയ്ക്ക് ഏപ്രിൽ 21-നാണ് ശരദ് പൊലീസിൽ കീഴടങ്ങിയത്.
വെടിയുണ്ടയുടെ ആഘാതത്തിൽ സോണിയയുടെ താടിയെല്ലും പല്ലുകളും പൂർണ്ണമായും തകർന്നു. നിലവിൽ കൃത്രിമ ശ്വസനസഹായിയുടെയും ട്യൂബ് വഴിയുള്ള ഭക്ഷണത്തിൻ്റെയും സഹായത്തോടെയാണ് ഇവർ ജീവൻ നിലനിർത്തുന്നത്. താടിയെല്ല് പുനർനിർമ്മിക്കുന്നതിനും മുഖം പൂർവ്വസ്ഥിതിയിലാക്കുന്നതിനുമായി നിരവധി ശസ്ത്രക്രിയകൾ ഇനിയും ആവശ്യമാണ്. എങ്കിലും പൂർണ്ണമായ സുഖം പ്രാപിക്കൽ അനിശ്ചിതത്വത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അടുത്തിടെ മെച്ചപ്പെട്ട ജീവിതം തേടി അമേരിക്കയിലെത്തിയ സോണിയയ്ക്ക് ചികിത്സാ ചെലവുകൾക്കായി വൻ തുക ആവശ്യമാണ്. കോസ്‌മെറ്റോളജിസ്റ്റാകാൻ ആഗ്രഹിച്ചിരുന്ന സോണിയയെ സഹായിക്കാൻ ഏകദേശം 2 ലക്ഷം ഡോളർ (ഏകദേശം 1.9 കോടി രൂപ) ലക്ഷ്യമിട്ട് ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഒമ്പതിനായിരത്തോളം ഡോളർ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളത്.
പൊതുസ്ഥലത്ത് ലോഡ് ചെയ്ത തോക്കുമായി എത്തിയതിലും അത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന വാദത്തിലും ദൃക്‌സാക്ഷികളിൽ ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Gujarati woman in critical condition in US after husband accidentally shoots her with gun, husband arrested















