ഹോർമൂസ് നിയന്ത്രണത്തിന് ‘ഗൾഫ്’ ഫോർമുലയുമായി ഒമാൻ, ഇറാന് മുന്നിൽ അവതരിപ്പിച്ചു; തീരുമാനം എന്താകും?

ഹോർമൂസ് കടലിടുക്കിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഗൾഫ് രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി പുതിയ നിർദേശം ഇറാനുമായുള്ള ചർച്ചയിൽ ഒമാൻ മുന്നോട്ടുവെച്ചു. ഇറാൻ ഒറ്റയ്ക്ക് മേഖലയെ നിയന്ത്രിക്കുന്നതിന് പകരം, ഹോർമൂസിന്റെ തീരത്തുള്ളതും ഈ പാത ഉപയോഗിക്കുന്നതുമായ രാഷ്ട്രങ്ങൾ ചേർന്ന് സംയുക്തമായി കടലിടുക്ക് കൈകാര്യം ചെയ്യണമെന്നാണ് ഒമാന്റെ ഫോർമുല. കപ്പൽപ്പാത വിവിധ രാജ്യങ്ങൾ ചേർന്ന് നിയന്ത്രിക്കുകയും ആവശ്യമുള്ളവർക്ക് ഫീസ് ഈടാക്കി കടന്നുപോകാൻ അനുമതി നൽകുകയും ചെയ്യുന്ന മലാക്ക കടലിടുക്കിന്റെ മാതൃകയിലാണ് പുതിയ പദ്ധതിയെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഒമാൻ തീരത്തോട് ചേർന്ന് കപ്പലുകൾക്ക് കടന്നുപോകാൻ താൽക്കാലികമായി സമാന്തര പാത തുറന്നുനൽകാം എന്ന നിർദേശം ഇറാൻ തള്ളിക്കളഞ്ഞു. വിവിധ ആക്രമണ സംഭവങ്ങളെച്ചൊല്ലി ഇറാൻ കൂടുതൽ അയൽരാജ്യങ്ങളുമായി തർക്കത്തിലാകുന്നത് പശ്ചിമേഷ്യൻ മേഖലയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. ഇതിനിടെ, 13 രാത്രികൾ നീണ്ട കനത്ത ആക്രമണമാണ് ഇറാനെ ഇപ്പോഴത്തെ ചർച്ചകളിലേക്ക് എത്തുന്നതിലേക്ക് നയിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.

അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്നും നിലവിൽ നടക്കുന്ന നയതന്ത്ര നീക്കങ്ങളിൽ പുരോഗതിയുണ്ടെന്നുമാണ് ഇറാന്റെ നിലപാട്. എന്നാൽ, യുദ്ധം അവസാനിപ്പിക്കാനുള്ള ആദ്യ ഉപാധി ലബനനിൽ നിന്നുള്ള ഇസ്രയേലിന്റെ പിന്മാറ്റമാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി വ്യക്തമാക്കി. അതിനിടെ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്കായി ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അമേരിക്കയിലെത്തി ഡോണൾഡ് ട്രംപുമായി ചർച്ച നടത്തും.

Oman Proposes New Hormuz Formula; Netanyahu Arrives in US for Crucial Talks

More Stories from this section

family-dental
witywide