നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് മുന്നേ തർക്കം രൂക്ഷം, നെതന്യാഹുവിന്‍റെ നീക്കങ്ങളെ പരസ്യമായി തള്ളി ട്രംപ്; നയതന്ത്ര ബന്ധത്തിൽ വിള്ളൽ

വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് പരസ്യ നിലപാടുകളിലൂടെ വിയോജിപ്പ് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരെയുള്ള യുദ്ധം ശക്തമാക്കാൻ ഇസ്രായേലിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദങ്ങളെ തള്ളിക്കളഞ്ഞ ട്രംപ്, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ ശരിവെക്കുന്ന പരാമർശങ്ങളാണ് നടത്തിയത്.

ഇറാന്റെ ആണവ പദ്ധതികൾ വീണ്ടും പുനരാരംഭിക്കുന്നത് സംബന്ധിച്ച രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തെക്കുറിച്ച് ഫോക്സ് ന്യൂസിന്റെ ‘ഫോക്സ് ആൻഡ് ഫ്രണ്ട്സ്’ പരിപാടിയിൽ ചോദിച്ചപ്പോഴാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ബിബി (നെതന്യാഹു) ഇത്തരമൊരു കാര്യം എന്നോട് പ്രത്യേകം പറയേണ്ടതില്ലെന്നും, വിഷയത്തിൽ താൻ നിരന്തരം ഇടപെടുന്നു എന്ന് ഉറപ്പുവരുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ട്രംപ് തുറന്നടിച്ചു. ഇറാന്റെ ആണവ നീക്കങ്ങൾ അമേരിക്ക കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓവൽ ഓഫീസിൽ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ട്രംപിന്റെ ഈ രൂക്ഷ വിമർശനം. ഈ വിവരങ്ങൾ നേരിട്ട് അറിയിക്കുന്നതിന് പകരം ലോകത്തോട് മുഴുവൻ വിളിച്ചുപറഞ്ഞത് എന്തിനാണെന്നും ഇസ്രായേൽ പ്രധാനമന്ത്രിയോട് ട്രംപ് ചോദിച്ചു.

ഇറാന്റെ ആണവനിലയമെന്ന് കരുതപ്പെടുന്ന ‘പിക്ആക്സ്’ മലനിരകളിൽ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും അത് വലിയൊരു പ്രശ്നമല്ലെന്നും ട്രംപ് വ്യക്താക്കി. മുൻപ് അവരുടെ ആണവനിലയങ്ങൾ തകർത്തിട്ടുള്ളതാണെന്നും, നയതന്ത്രപരമായ കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ പിക്ആക്സ് മലനിരകളിലെ കേന്ദ്രവും തകർക്കേണ്ടി വരുമെന്നും അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide