ഇറാനെ ചർച്ചയിലെത്തിച്ചത് 13 രാത്രികൾ നീണ്ട കനത്ത ആക്രമണമെന്ന് ട്രംപ്; നിർണായക കൂടിക്കാഴ്ചയ്ക്ക് നെതന്യാഹു അമേരിക്കയിൽ

13 രാത്രികൾ നീണ്ട ശക്തമായ ആക്രമണത്തിലൂടെയാണ് ഇറാനെ നിലവിലെ നയതന്ത്ര ചർച്ചകളിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിശക്തമായ സൈനിക നടപടി ഉണ്ടായിരുന്നില്ലെങ്കിൽ ഇറാൻ ചർച്ചകൾക്ക് തയാറാകുമായിരുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്നും നിലവിലെ ചർച്ചകളിൽ പുരോഗതിയുണ്ടെന്നുമാണ് ഇറാന്റെ നിലപാട്. ലബനനിൽ നിന്നുള്ള ഇസ്രയേലിന്റെ പിന്മാറ്റമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ആദ്യ ഉപാധിയെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി വ്യക്തമാക്കി.

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്ന നിർണ്ണായക സന്ദർശനത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അമേരിക്കയിലെത്തിയിട്ടുണ്ട്. വൈകാതെ തന്നെ അദ്ദേഹം ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇറാനെതിരായ തുടർന്നുള്ള സൈനിക നീക്കങ്ങളിലും ചർച്ചകളിലും ഈ കൂടിക്കാഴ്ച അതീവ നിർണ്ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. അതിനിടെ, ഇറാഖ് അതിർത്തിയിൽ നിന്ന് സൗദിയുടെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളെച്ചൊല്ലി സൗദിയും ഇറാനും തമ്മിലുള്ള വാക്പോരും രൂക്ഷമായിരിക്കുകയാണ്.

മേഖലയിൽ നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഒമാൻ, ഇറാൻ, സൗദി വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ചകൾ നടത്തി. എന്നാൽ ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്കായി സമാന്തര പാത തുറക്കാമെന്ന ഒമാന്റെ നിർദേശം ഇറാൻ തള്ളിയതോടെ ഈ മേഖലയിലെ നാവിക പ്രതിസന്ധി നീളുമെന്ന് ഉറപ്പായിട്ടുണ്ട്. പ്രകോപനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ നീക്കങ്ങൾ സജീവമാണ്.

Trump Claims Severe Strikes Forced Iran to Talks; Netanyahu in US for Crucial Meet

Also Read

More Stories from this section

family-dental
witywide