
വാഷിംഗ്ടൺ: അമേരിക്കയിൽ ഹന്താവൈറസ് ബാധ സംശയത്തെ തുടർന്ന് 41 പേരെ കടുത്ത നിരീക്ഷണത്തിലാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രതിനിധി ഡോ. ഡേവിഡ് ഫിറ്ററാണ് വിവരം പങ്കുവെച്ചത്.
ആശങ്കാജനകമായ സാഹചര്യമില്ലെന്നും നിലവിൽ ഒരു അമേരിക്കൻ പൗരനും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. നിരീക്ഷണത്തിലുള്ളവരിൽ ഭൂരിഭാഗവും ഒരു ആഡംബര ക്രൂയിസ് കപ്പലിലെ യാത്രക്കാരാണ്. രോഗബാധ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് കപ്പലിൽ നിന്ന് യാത്ര അവസാനിപ്പിച്ചു പോയവരും, വിമാനയാത്രയ്ക്കിടയിൽ രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നവരും നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ പട്ടികയിലുണ്ട്.
കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 16 പേരെ നെബ്രാസ്കയിലെ പ്രത്യേക കേന്ദ്രത്തിൽ 42 ദിവസത്തെ പൂർണ്ണ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. മറ്റ് രണ്ട് പേർ അറ്റ്ലാൻ്റയിലെ നിരീക്ഷണ കേന്ദ്രത്തിലാണ്. ബാക്കിയുള്ളവരോട് കർശനമായി വീട്ടിൽ തന്നെ കഴിയാനും യാത്രകൾ പൂർണ്ണമായും ഒഴിവാക്കാനും സിഡിസി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന-പ്രാദേശിക ആരോഗ്യ വകുപ്പുകൾ ഇവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.
അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ 147 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ‘എംവി ഹോണ്ടിയസ്’ എന്ന ആഡംബര വിനോദസഞ്ചാര കപ്പലിലാണ് ഇത്തവണ അപൂർവ്വമായി ഹന്തവൈറസ് പൊട്ടിപ്പുറപ്പെട്ടത്. കപ്പലിലെ യാത്രക്കാരായ ഒരു ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനും ഉൾപ്പെടെ മൂന്ന് പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കപ്പലിലെ 11 പേർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് കപ്പലിലുണ്ടായിരുന്ന അമേരിക്കൻ യാത്രക്കാരെ അടിയന്തരമായി നാട്ടിലെത്തിച്ച് നിരീക്ഷണത്തിലാക്കിയത്.
എലികളിലൂടെയും മറ്റ് കരണ്ടുതീനികളിലൂടെയുമാണ് സാധാരണയായി ഹന്താവൈറസ് പടരാറുള്ളതെങ്കിലും, ഈ കപ്പലിൽ പടർന്നത് ‘ആൻഡീസ് വൈറസ്’ എന്ന ഹന്താവൈറസ് വകഭേദമാണെന്ന് ആരോഗ്യവിദഗ്ദ്ധർ സ്ഥിരീകരിച്ചു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരാൻ ശേഷിയുള്ള ഏക ഹന്താവൈറസ് വകഭേദമാണിത്. എന്നാൽ ശ്വാസകോശത്തെ കടുത്ത രീതിയിൽ ബാധിക്കുന്ന ഈ രോഗം, വളരെ അടുത്ത സമ്പർക്കത്തിലൂടെയോ രോഗിയുടെ ഉമിനീര്, ശ്വാസോച്ഛ്വാസം എന്നിവ വഴിയോ മാത്രമേ പകരുകയുള്ളൂ എന്നും അതിനാൽ ഇതൊരു കോവിഡ് പോലുള്ള മഹാമാരിയായി മാറാൻ സാധ്യതയില്ലെന്നും സിഡിസി വ്യക്തമാക്കി.
Hantavirus scare in US: 41 people under close observation















