
ചണ്ഡീഗഢ്: ഹരിയാനയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ ഒരു ഇന്ത്യൻ വംശജ കുടുംബത്തിന് ഇരട്ടി മധുരമായി അപൂർവ്വ നേട്ടം. ഹരിയാനയിലെ റോഹ്തക് സ്വദേശികളായ 23-കാരൻ തുഷാർ കുമാറും അമ്മ പർവീൺ റാണിയുമാണ് യുകെയിൽ ഒരേസമയം മേയർമാരായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചത്. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായ മേയർ എന്ന ബഹുമതിയും ഇതോടെ തുഷാർ സ്വന്തമാക്കി.
എൽസ്ട്രീ, ബോറെഹാംവുഡ് ടൗൺ കൗൺസിലിൻ്റെ മേയറായാണ് തുഷാർ കുമാർ ചുമതലയേറ്റത്. തൊട്ടടുത്ത ആഴ്ച തന്നെ തുഷാറിൻ്റെ അമ്മ പർവീൺ റാണി ഹെർട്സ്മിയർ ബോറോ കൗൺസിലിൻ്റെ ആദ്യ ഇന്ത്യൻ വംശജയായ മേയറായും തിരഞ്ഞെടുക്കപ്പെട്ടു. ലേബർ പാർട്ടി പ്രതിനിധികളായ ഇരുവരും കഴിഞ്ഞ മേയ് 13, മേയ് 20 തീയതികളിലാണ് യഥാക്രമം മേയർമാരായി ചുമതലയേറ്റതെന്ന് തുഷാറിൻ്റെ പിതാവ് സുനിൽ ദാഹിയ അറിയിച്ചു.
ലണ്ടനിലെ കിംഗ്സ് കോളേജിൽ പൊളിറ്റിക്സിൽ ബിഎസ്‌സി ബിരുദപഠനം നടത്തുന്നതിനിടയിൽ, വെറും 20-ാം വയസ്സിലാണ് തുഷാർ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്നത്. കോളെജ് പഠനത്തിനൊപ്പം കമ്മ്യൂണിറ്റി സർവീസിലും സന്നദ്ധ പ്രവർത്തനങ്ങളിലും തുഷാർ സജീവമായിരുന്നു. പൊതുസേവനത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരൻ. യുകെയിൽ ജനിച്ച് വളരുന്ന കുട്ടികൾക്കായി ‘ഹിന്ദി ശിക്ഷാ പരിഷത്ത്’ എന്ന സംഘടന വഴി ഇരുവരും സൗജന്യമായി ഹിന്ദി ഭാഷയും പഠിപ്പിച്ചു വരുന്നു.
2013-ലാണ് സുനിൽ ദാഹിയയും കുടുംബവും ഹരിയാനയിൽ നിന്നും യുകെയിലേക്ക് മാറുന്നത്. സോണിപതിലെ റോഹ്ന ഗ്രാമത്തിലാണ് ഇവരുടെ തറവാടെങ്കിലും ദീർഘകാലം റോഹ്തകിലായിരുന്നു താമസം. യുകെയിലേക്ക് മാറുമ്പോൾ രാഷ്ട്രീയ പ്രവേശനമൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ലെന്ന് വ്യവസായിയായ സുനിൽ ദാഹിയ പറയുന്നു. നിലവിൽ തുഷാറിൻ്റെ അനിയനും കിംഗ്സ് കോളേജ് സ്റ്റുഡൻ്റ്സ് യൂണിയൻ ട്രസ്റ്റിയായി പ്രവർത്തിക്കുകയാണ്. യുകെയിലെ തിരക്കുകൾക്കിടയിലും തങ്ങളുടെ ഹരിയാനയിലെ വേരുകൾ മറക്കാത്ത ഈ കുടുംബം എല്ലാ വർഷവും നാട്ടിലെത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Haryana mother and son make history in UK; both elected as mayors















